റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

മലപ്പുറത്ത്‌ ഡിവൈഎഫ്ഐ പ്രവര്‍ത്തകന്‌ വെട്ടേറ്റു

January 18, 2021 - 11:59 am

മലപ്പുറം: മലപ്പുറത്ത പോത്തുകല്‍ പഞ്ചായത്തില്‍ മുണ്ടേരില്‍ ഗ്രാമ സഭ കൂടുന്നതിനിടയിലുണ്ടായ തര്‍ക്കം കത്തിക്കുത്തില്‍ കലാശിച്ചു. തര്‍ക്കത്തിനിടയിലുണ്ടായ കത്തിക്കുത്തില്‍ പരിക്കേറ്റ ഡിവൈഎഫ്‌ഐ മുണ്ടേരി യൂണിറ്റ്‌ വൈസ്‌ പ്രസിഡന്റ് ‌ മൂത്തേടത്ത്‌ മുജീബ്‌ റഹ്മാന്‍(36) നിലമ്പൂര്‍ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ടു. പിന്നീട്‌ കോഴിക്കോട്‌ മെഡിക്കല്‍ കോളേജില്‌ക്ക മാറ്റി . സംഭവവുമായി ബന്ധപ്പെട്ട്‌ മുണ്ടേരി സ്വദേശി വാളപ്ര ഷൗക്കത്ത്‌ (56) എന്നയാളെ പോലീസ്‌ കസ്‌റ്റഡിയിലെടുത്തു. ഇന്നലെ (17.1.2021) ഉച്ചയോടെയായിരുന്നു സംഭവം. ഗ്രാമ സഭാ യോഗത്തില്‍ വെച്ചുണ്ടായ തര്‍ക്കത്തിനുശേഷം മടങ്ങുന്നതിനിടെ ഇരുവരും തമ്മില്‍ വീണ്ടും വാക്കുതര്‍ക്കമുണ്ടായി. ഷൗക്കത്ത്‌ തന്നെ ആക്രമിക്കുകയായിരുന്നെന്നും ആദ്യം കഴുത്തിനായിരുന്നു വെട്ടിയതെന്നും മുജീബ്‌ റഹ്മാന്‍ പോലീസിന്‌ മൊഴിനല്‍കി.

തദ്ദേശ തെരഞ്ഞെടുപ്പ്‌ പ്രചരണത്തിനിനടെ മുണ്ടേരിയിലെത്തിയ സ്ഥലം എംഎല്‍എ പിവി അന്‍വറെ യുഡിഎഫ്‌ പ്രവര്‍ത്തകര്‍ തടഞ്ഞിരുന്നു. പ്രചരണം അവസാനിക്കുന്ന ദിവസം രാത്രി 11 മണിയോടെയായിരുന്നു തടഞ്ഞത്‌. മദ്യവും പണവും നല്‍കി വോട്ടര്‍മാരെ സ്വാധീനിക്കാനാണ്‌ എംഎല്‍എ എത്തിയതെന്നായിരുന്നു യുഡിഎഫിന്റെ ആരോപണം. അന്ന്‌ ചെറിയതോതില്‍ സംഘര്‍ഷം ഉണ്ടാവുകയും ചെയ്‌തിരുന്നു. ഇതിനെതിരെ എംഎല്‍എ നല്‍കിയ പരാതിയില്‍ പോലീസ്‌ യുഡിഎഫ്‌ പ്രവര്‍ത്തകരെ അറസ്റ്റ് ‌ചെയ്‌തിരുന്നു.

യുഡിഎഫ്‌ കാരുടെ ഭീഷണിക്ക്‌ വഴങ്ങില്ലെന്നും മദ്യവും പണവും നല്‍കി സ്വാധീനിക്കുന്നത്‌ യുഡിഎഫ്‌കാരുടെ ശൈലിയാണെന്നും പിവി അന്‍വര്‍ എംഎല്‍എ അന്ന്‌ പ്രതികരിച്ചിരുന്നു. തെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ്‌ നേട്ടം കൈവരിച്ച്‌ പഞ്ചായത്ത്‌ ഭരണം പിടിച്ചെങ്കിലും മുണ്ടേരിയില്‍ എംഎല്‍എ യെ തടഞ്ഞ വാര്‍ഡില്‍ യുഡിഎഫ്‌ സ്ഥാനാര്‍ത്ഥിയാണ്‌ ജയിച്ചത്‌. അന്നത്തെ സംഘര്‍ഷങ്ങളുടെ തുടര്‍ച്ചയായി ഇരു മുന്നണികളും തമ്മില്‍ അസ്വാരസ്യങ്ങള്‍ നിലനിന്നിരുന്നു. ഇതിന‍റെ തുടര്‍ച്ചയാണ്‌ ഗ്രാമ സഭായോഗത്തിലുണ്ടായതെന്ന്‌ പോലീസ്‌ പറയുന്നു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *