ന്യൂഡല്‍ഹി: കര്‍ഷകരുമായി ചര്‍ച്ച നടത്തുന്നതായി കേന്ദ്രം നടിക്കുമ്പോഴും കര്‍ഷക പ്രതിഷേധം അടിച്ചമര്‍ത്താനുള്ള ശ്രമങ്ങളാണ് അണിയറയില്‍ നടക്കുന്നതെന്ന് മുതിര്‍ന്ന അഭിഭാഷകന്‍ പ്രശാന്ത് ഭൂഷണ്‍. കര്‍ഷക നേതാക്കള്‍ക്കെതിരെ എന്‍.ഐ.എ നോട്ടീസ് അയച്ചതിന് പിന്നാലെയാണ് പ്രശാന്ത് ഭൂഷന്റെ പ്രതികരണം.
എന്‍.ഐ.എയുടെ നേതൃത്വത്തിലുള്ള ഉപദ്രവങ്ങളുടെ വെറിക്കൂത്താണ് കര്‍ഷകര്‍ക്ക് നേരെ സര്‍ക്കാര്‍ നടത്തുന്നതെന്ന് പ്രശാന്ത് ഭൂഷണ്‍ പറഞ്ഞു. പ്രതിഷേധിക്കുന്ന കര്‍ഷകരേയും പ്രതിഷേധം റിപ്പോര്‍ട്ട് ചെയ്യാനെത്തുന്ന മാധ്യമപ്രവര്‍ത്തകരേയും സര്‍ക്കാര്‍ അറസ്റ്റ് ചെയ്യുകയാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടിച്ചു.
സര്‍ക്കാര്‍ അഴിച്ചുവിടുന്ന ഈ ഉപദ്രവങ്ങള്‍ സര്‍ക്കാരിനെ വേട്ടയാടുമെന്നും തിരിച്ചടി ലഭിക്കുമെന്നും ഭൂഷണ്‍ പറഞ്ഞു.
സംയുക്ത കര്‍ഷക മോര്‍ച്ച നേതാവ് ബല്‍ദേവ് സിംഗ് സിര്‍സയ്ക്ക് എന്‍.ഐ.എ നോട്ടീസ് അയച്ചിരുന്നു. ചോദ്യം ചെയ്യലിന് ഹാജരാകാന്‍ ആവശ്യപ്പെട്ടുകൊണ്ടാണ് ബല്‍ദേവ് സിംഗ് ഉള്‍പ്പെടെ 12 ലധികം ആളുകള്‍ക്ക് എന്‍.ഐ.എ നോട്ടീസ് നല്‍കിയത്.
യു.എ.പി.എ, രാജ്യദ്രോഹം, ക്രിമിനല്‍ ഗൂഢാലോചന തുടങ്ങിയ കുറ്റങ്ങള്‍ ആരോപിച്ച് 2020 ഡിസംബര്‍ 15 ന് സിഖ് ഫോര്‍ ജസ്റ്റിസ് എന്ന സംഘടനയ്ക്കെതിരെ ദല്‍ഹിയില്‍ എന്‍.ഐ.എ രജിസ്റ്റര്‍ ചെയ്ത കേസുമായി ബന്ധപ്പെട്ടാണ് നോട്ടീസ്.
എന്നാല്‍ കര്‍ഷക പ്രതിഷേധം തകര്‍ക്കാനുള്ള കേന്ദ്രത്തിന്റെ ശ്രമത്തിന്റെ ഭാഗമാണ് എന്‍.ഐ.എയുടെ ഇടപെടലെന്ന് കര്‍ഷകര്‍ പറഞ്ഞു.
അതേസമയം, കര്‍ഷകരുമായി കേന്ദ്രസര്‍ക്കാര്‍ നടത്തിയ ഒന്‍പതാം വട്ട ചര്‍ച്ചയും പരാജയമായിരുന്നു.നിയമം പിന്‍വലിക്കും വരെ പ്രതിഷേധം തുടരുമെന്നാണ് കര്‍ഷകര്‍ അറിയിച്ചിരിക്കുന്നത്.
നിലവില്‍ മൂന്ന് നിയമങ്ങളും സുപ്രീംകോടതി സ്റ്റേ ചെയ്തിരിക്കുകയാണ്.
ഒരു വിദഗ്ധ സമിതി രൂപീകരിക്കുമെന്നും ആ സമിതി കര്‍ഷകരുടെ നിലപാടുകള്‍ കേള്‍ക്കുമെന്നും അതിന് ശേഷം എന്തുവേണമെന്ന് തീരുമാനിക്കുമെന്നും അതുവരെ നിയമം നടപ്പാക്കരുതെന്നുമാണ് കോടതി ഉത്തരവിട്ടിരിക്കുന്നത്.
കേന്ദ്രത്തിനോടും കര്‍ഷകരോടും സംസാരിക്കാന്‍ നാലംഗ സമിതിയാണ് രൂപീകരിച്ചത്. ഈ സമിതിക്കെതിരെ വ്യാപകമായ വിമര്‍ശനമാണ് ഉയര്‍ന്നുവന്നുകൊണ്ടിരിക്കുന്നത്. അതേസമയം, കര്‍ഷകരുമായി പത്താംവട്ട ചര്‍ച്ച ജനുവരി 19 ന് നടത്താനാണ് സര്‍ക്കാരിന്റെ നിലവിലെ തീരുമാനം.