45,500 വര്‍ഷം പഴക്കം; ഏറ്റവും പഴക്കംചെന്ന ഗുഹാവര്‍ണ്ണചിത്രം ഇന്തോനേഷ്യയില്‍

വാഷിംങ്ടണ്‍: 45,500 വര്‍ഷങ്ങള്‍ക്ക് മുമ്പ് വരച്ച ലോകത്തിലെ ഏറ്റവും പഴക്കംചെന്ന ഗുഹാവര്‍ണ്ണചിത്രം ഇന്തോനേഷ്യയില്‍ കണ്ടെത്തി. നിറം കൊടുത്ത കാട്ടുപന്നിയുടെ ചിത്രമാണ് കണ്ടെത്തിയത്. 2017ല്‍ സുലവേസി ദ്വീപില്‍ വെച്ചാണ് ഇന്തോനേഷ്യന്‍ അധികൃതരുമായി ചേര്‍ന്ന് നടത്തിയ സര്‍വ്വേയില്‍ ഗവേഷക വിദ്യാര്‍ഥിയായ ബസ്രാന്‍ ബുഹ്റാന്‍ ആണ് ഈ ചിത്രം ആദ്യമായി കണ്ടെത്തുന്നത്.

പ്രദേശത്തെ മനുഷ്യവാസത്തിന്റെ ആദ്യ തെളിവുകള്‍ നല്‍കുന്നതാണ് ഈ ചിത്രമെന്ന് സയന്‍സ് ജേണലില്‍ പ്രസിദ്ധീകരിച്ച ലേഖനത്തില്‍ പറയുന്നു. ചിത്രത്തില്‍ പന്നിക്ക് കടും ചുവപ്പ് ചായമാണ് നല്‍കിയിരിക്കുന്നത്. സുലെവെസി വാര്‍ട്ടി പിഗ് ഇനമാണ് ഇത്.

പതിനായിരക്കണക്കിന് വര്‍ഷങ്ങളോളം മനുഷ്യര്‍ ഈ പന്നികളെ വേട്ടയാടിയിട്ടുണ്ട്. ഈ പ്രദേശത്തെ ചരിത്രാതീത കലാസൃഷ്ടികളുടെ പ്രധാന സവിശേഷതയാണ് ഈ പന്നികളുടെ സാന്നിധ്യമുള്ള ചിത്രങ്ങള്‍. സുലവേസിയില്‍ നിന്നു തന്നെയാണ് ഇതിന് മുമ്പ് രേഖപ്പെടുത്തപ്പെട്ട ഏറ്റവും പഴക്കമേറിയ ഗുഹാചിത്രം കണ്ടെത്തുന്നത്. സസ്തനികളെ വേട്ടയാടുന്നത് ചിത്രീകരിച്ച ആ ചിത്രത്തിന് കുറഞ്ഞത് 43,900 വര്‍ഷം പഴക്കമുണ്ടായിരുന്നു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →