‘അമരീന്ദര്‍ സിംഗിനെ കൊല്ലുന്നവര്‍ക്ക് പത്ത് ലക്ഷം രൂപ’ വധഭീഷണി മുഴക്കി പോസ്റ്ററുകള്‍

ചണ്ഡീഗഡ്: പഞ്ചാബ് മുഖ്യമന്ത്രി ക്യാപ്റ്റന്‍ അമരീന്ദര്‍ സിംഗിന് വധഭീഷണി മുഴക്കി പഞ്ചാബിൽ പോസ്റ്ററുകള്‍. സിംഗിനെ കൊല്ലുന്നവര്‍ക്ക് പത്ത് ലക്ഷം രൂപ ഇനാം നല്‍കുമെന്ന് പ്രഖ്യാപിച്ചാണ് പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടത്.

സംഭവത്തില്‍ കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചതായി പഞ്ചാബ് പോലീസ് അറിയിച്ചു. മൊഹാലിയിലെ ഗൈഡ് മാപ്പ് ബോര്‍ഡിലാണ് പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടത്. അമരീന്ദര്‍ സിംഗിന്റെ ചിത്രവും പോസ്റ്ററിലുണ്ട്.

‘സിംഗിനെ കൊല്ലുന്നവര്‍ക്ക് പത്ത് ലക്ഷം രൂപ പ്രതിഫലം നല്‍കും. കൊലപാതകിയുടെ വിവരം ഒരുകാരണവശാലും പുറംലോകമറിയില്ല. താല്‍പര്യമുള്ളവര്‍ക്ക് ബന്ധപ്പെടാം’, എന്നായിരുന്നു പോസ്റ്ററിന്റെ ഉള്ളടക്കം. ഇതോടൊപ്പം ഒരു ഇ-മെയില്‍ അഡ്രസ്സും നല്‍കിയിട്ടുണ്ട്.

സൈബര്‍ കഫേയില്‍ നിന്നാണ് പോസ്റ്റര്‍ നിര്‍മ്മിച്ചിരിക്കുന്നതെന്ന് പ്രാഥമിക അന്വേഷണത്തില്‍ നിന്ന് വ്യക്തമായതായി പൊലീസ് പറഞ്ഞു. ഇ-മെയില്‍ അഡ്രസ്സ് വിശദമായി പരിശോധിച്ചുവരികയാണെന്നും പോലീസ് വൃത്തങ്ങള്‍ അറിയിച്ചു.

‘ഐ.പി.സി 504,506,120 ബി, എന്നീ വകുപ്പുകള്‍ പ്രകാരം കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. പോസ്റ്ററില്‍ നല്‍കിയിരിക്കുന്ന മെയില്‍ ഐ.ഡി പരിശോധിച്ച് വരികയാണ്. വിവരങ്ങള്‍ സൈബര്‍ ക്രൈം ഡിപ്പാര്‍ട്ട്‌മെന്റിന് കൈമാറിയിട്ടുണ്ട്’ പൊലീസ് അറിയിച്ചു.

ഡിസംബര്‍ 31 ന് അമരീന്ദര്‍ സിംഗ് മൊഹാലി സന്ദര്‍ശിച്ചിരുന്നു. ഇതിനുപിന്നാലെയാണ് അദ്ദേഹത്തിനെതിരെ വധഭീഷണി മുഴക്കി പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടത്.

അതേസമയം സംഭവങ്ങള്‍ക്കു പിന്നിലും ഖലിസ്ഥാന്‍ സംഘടനകളാണോ എന്ന കാര്യം അന്വേഷിച്ചുവരികയാണെന്ന് പോലീസ് പറഞ്ഞു. മുമ്പ് നിരോധിക്കപ്പെട്ട സംഘടനയായ സിഖ് ഫോര്‍ ജസ്റ്റിസും അമരീന്ദര്‍ സിംഗിനെതിരെ വധഭീഷണിയുമായി രംഗത്തെത്തിയിരുന്നു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →