തിരുവനന്തപുരം: അഭയ കൊലക്കേസില്‍ നേരത്തെ കേസ് അന്വേഷിച്ച ക്രൈംബ്രാഞ്ച് മുന്‍ എസ് പി കെ ടി മൈക്കിളിനെതിരെ പോലീസ് മേധാവി ആവശ്യമായ നടപടി സ്വീകരിക്കണമെന്ന് പ്രത്യേക കോടതിയുടെ വിധിന്യായത്തിൽ ഉത്തരവിട്ടു.പ്രതികള്‍ക്കെതിരായ പ്രധാനപ്പെട്ട തെളിവുകള്‍ നശിപ്പിച്ചതിനാണ് നടപടി.
മുമ്പ് കെ. ടി .മൈക്കിളിനെ പ്രതി ചേര്‍ത്തിരുന്നെങ്കിലും ഹൈക്കോടതി ഇടപെട്ട് ഒഴിവാക്കിയിരുന്നു. അഭയയുടെ ഇന്‍ക്വസ്റ്റില്‍ കൃത്രിമം കാട്ടിയ കോട്ടയം ഈസ്റ്റ് പോലീസ് സ്റ്റേഷന്‍ എഎസ്‌ഐ അഗസ്റ്റിന്‍, തുടരന്വേഷണത്തില്‍ കേസ് അട്ടിമറിച്ച ക്രൈം ബ്രാഞ്ച് മുന്‍ ഡിവൈഎസ്പി സാമുവല്‍, കെ ടി മൈക്കിള്‍ എന്നിവരെയും പ്രതി ചേര്‍ത്തിരുന്നു.
അഭയ കേസിലെ പ്രത്യേക സിബിഐ കോടതി വിധിയുടെ വിശദാംശങ്ങള്‍ പുറത്ത് വന്നതോടെയാണ് ഇക്കാര്യം വ്യക്തമായത്. പ്രതികള്‍ സിസ്റ്റര്‍ അഭയയെ തലയ്ക്കടിച്ച് കിണറ്റിലിട്ട് കൊലപ്പെടുത്തിയതാണെന്ന് വിധിന്യായത്തില്‍ കോടതി ചൂണ്ടിക്കാണിക്കുന്നു. തോമസ് എം കോട്ടൂര്‍ കളര്‍കോട് വേണുഗോപാലിനോട് നടത്തിയ കുറ്റസമ്മതം ശക്തമായ തെളിവാണ്.
തോമസ് കോട്ടൂര്‍ പയസ് ടെന്‍ത് കോണ്‍വെന്റിലെ നിത്യ സന്ദര്‍ശകനായിരുന്നുവെന്നും വ്യക്തമായി. സിസ്റ്റര്‍ സെഫിയുടെ വൈദ്യപരിശോധനാ ഫലം ശക്തമായ തെളിവാണെന്നും കോടതി വിധിന്യായത്തിൽ പറയുന്നു