യു. എ. ഖാദറിന്റെ വിയോഗത്തിൽ വിഷമിക്കാതിരിക്കാൻ കഴിയുന്നില്ല.. വായന തുടങ്ങിയ നാൾ മുതൽ ഇന്നുവരെയും തൃപ്തി തരുന്ന എഴുത്തുകാരൻ. തന്റെ ജന്മനാട്ടിലെ പുൽക്കൊടിയെപോലും അനശ്വരനാക്കിയ കഥാകാരൻ. എഴുത്തുകാരൻ ചെയ്യേണ്ടത് ചെയ്തു പോയ സു കൃതജന്മം. അപൂർവ്വം എഴുത്തുകാരുമായെ ഹസ്തദാനം ആഗ്രഹിച്ചിട്ടുള്ളു. ഖാദറുമായുള്ള നേർക്കാഴ്ച്ചക്ക് കാലിക്കറ്റ് സർവകലാശാലയിലെ സമുന്നത നേതാവ് ആർ. എസ്. പണിക്കരാണ് നിമിത്തമായത്. “കലാവിക്ഷണം” മാസികയുടെ ഒരു പരിപാടിയിൽ കാണികളാവാൻ പോയതാണ്. കോഴിക്കോട് പ്രെസ്സ് ക്ലബ്ബിന്റെ മുകളിലെ ഹാളിൽ. എം. ആർ. ചന്ദ്രശേഖരൻ, യൂ. കെ. കുമാരൻ, യു. എ. ഖാദർ എന്നിവരുണ്ട്. പരിപാടി കഴിഞ്ഞ് ഖാദറും കുമാരനും സംസാരിക്കുന്നു. കുമാരനെ നേരത്തെ ചെറു പരിചയമുണ്ട്. സഹൃദയനായ കുമാരൻ എന്നെ പരിചയപ്പെടുത്തിക്കൊടുത്തു. നീട്ടിയെ കൈത്തലത്തിൽ ഞാൻ പിടിച്ചു. പരുക്കൻ മുഖമുള്ള, തൃക്കോട്ടൂർ പരുക്കന്മാരെ വരച്ച ആ കൈത്തലം സ്പോഞ്ചു കുന്നു പോലെ. ഇത്ര മർദ്ദവമുള്ള മറ്റൊരു കൈത്തലവും ഞാൻ സ്പർശിച്ചിട്ടില്ല. ഇന്നും ആ സ്പർശന സുഖം അപൂർവ്വ സായൂജ്യമായി മനസ്സിൽ പതിഞ്ഞു കിടക്കുന്നു. ആ നല്ല അനുഭവ ഓർമയോടൊത്തു അതിനു നിമിത്തമായ ആർ. എസ്. പണിക്കരും വരുന്നു.
ആ മഹാ എഴുത്തുകാരന്റെ വിയോഗത്തെപ്പറ്റി ഇങ്ങനെ സമാധാനിക്കാനേ കഴിയൂ..
നീ മരിച്ചാലും നിലക്കുകില്ല, നീലക്കുയിലെ നിൻ ഗാനമൊന്നും…



