ഹണിമൂണ്‍ യാത്ര റദ്ദു ചെയ്ത് കടൽത്തീരം വൃത്തിയാക്കി നവ ദമ്പതികൾ.കൈയ്യടിച്ച് സോഷ്യൽ മീഡിയ

കർണാടക: ഹണിമൂണ്‍ യാത്ര റദ്ദു ചെയ്ത് കടൽത്തീരം വൃത്തിയാക്കി നവ ദമ്പതികൾ. അനുദീപ് ഹെഗ്ഡെ, മിനുഷ കഞ്ചന്‍ എന്നീ നവദമ്പതികളാണ് കർണാടകയിലെ സോമേശ്വര്‍ ബീച്ച് വൃത്തിയാക്കാൻ തീരുമാനിച്ച് മധുവിധു ആഘോഷം മാറ്റിവെച്ചത്.

നവവരൻ അനുദീപ് ഹെഗ്‌ഡെ. കര്‍ണാടകയിലെ ബൈന്‍‌ദുര്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഒരു ഡിജിറ്റല്‍ വിപണനക്കാരനാണ്. പ്രകൃതി സംരക്ഷണത്തിലും അനുദീപ് ഏറെ താല്പര്യം കാണിക്കാറുണ്ട്.

ഹണിമൂൺ യാത്രയ്ക്കിടെയാണ് ഇവർ സോമേശ്വർ ബീച്ച് സന്ദർശിച്ചത്. എന്നാൽ കടല്‍ത്തീരത്ത് പ്ലാസ്റ്റിക് വസ്തുക്കളും മറ്റും നിറഞ്ഞ് മാലിന്യക്കൂമ്പാരമാണ് കണ്ടത്. വിഷമം തോന്നിയ അനുദീപും മിനുഷയും കടൽത്തീരം വൃത്തിയാക്കാൻ തീരുമാനിക്കുകയായിരുന്നു.

മധുവിധു റദ്ദു ചെയ്തുവെന്നും ബീച്ച്‌ വൃത്തിയാക്കുകയാണെന്നും സോഷ്യല്‍ മീഡിയയില്‍ അറിയിച്ചതോടെ വളരെ വേഗം തീരുമാനം വൈറലായി.
ബീച്ചില്‍ നിന്ന് ഏകദേശം 800 കിലോഗ്രാം മാലിന്യങ്ങളാണ് നീക്കം ചെയ്തതെന്ന് അനുദീപ് പറയുന്നു.പത്തു ദിവസമാണ് ബീച്ച് വൃത്തിയാക്കിയത്. അപ്പോഴേക്കും വിവരമറിഞ്ഞ് ആളുകൾ സഹായിക്കാനെത്തി. കടൽത്തീരം മാലിന്യവിമുക്തമായപ്പോഴേക്കും വൃത്തിയാക്കാനായി നിരവധി പേരാണ് എത്തിയത്.

”മാനവികതയെക്കുറിച്ചുള്ള തന്റെ വിശ്വാസം പുനസ്ഥാപിക്കപ്പെട്ടു”വെന്നാണ് അനുദീപ് ഇൻസ്റ്റഗ്രാമിൽ കുറിച്ചത്.

” ആളുകൾക്ക് പ്രചോദനം നൽകാനും അവബോധം സൃഷ്ടിക്കാനും ആരെങ്കിലും മുന്നോട്ടു വരണം. ഒരുമിച്ച്‌ നിന്നാൽ വളരെയധികം വ്യത്യാസങ്ങള്‍ സൃഷ്ടിക്കാന്‍ നമുക്ക് കഴിയും.” എന്നും അനുദീപ് എഴുതി.

സോമേശ്വര്‍ ബീച്ച്‌ വൃത്തിയാക്കാന്‍ ഇരുവരും നടത്തിയ ശ്രമങ്ങളില്‍ സോഷ്യൽ മീഡിയയുടെ കൈയ്യടി ഏറ്റുവാങ്ങുകയാണ് ഇപ്പോൾ അനുദീപും മിനുഷയും.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →