പൊലീസ് നോക്കി നിൽക്കേ യുവാവ് തൂങ്ങിമരിച്ചു

കക്കോടി: പൊലീസ് നോക്കി നിൽക്കേ യുവാവ് തൂങ്ങിമരിച്ചു.
മക്കട കോട്ടൂപാടം തെയ്യമ്പാടി കണ്ടി മീത്തല്‍ രാജേഷ് നിവാസില്‍ പരേതനായ ഗിരീഷിന്റെ മകന്‍ രാജേഷ് (33) ആണ് ആത്മഹത്യ ചെയ്തത്. 5-12-2020 ശനിയാഴ്ച രാവിലെ ആറോടെയാണ് ജീവനൊടുക്കിയത്.

ഇയാൾ നേരത്തെ റജിസ്റ്റര്‍ വിവാഹം കഴിച്ചെങ്കിലും ബന്ധം വേര്‍പെടുത്തിയിരുന്നു എന്ന് പോലീസ് പറഞ്ഞു. പെൺകുട്ടിയുടെ വീട്ടിലെത്തിയാണ് ആത്മഹത്യ ശ്രമം നടത്തിയത്. വീട്ടുകാര്‍ വാതില്‍ തുറക്കാത്തതിനെത്തുടര്‍ന്ന് സമീപത്തെ പ്ലാവില്‍ കയറി ആത്മഹത്യ ഭീഷണി മുഴക്കുകയായിരുന്നു.

വീട്ടുകാര്‍ അറിയിച്ചതിനെ തുടര്‍ന്ന് ചേവായൂര്‍ പൊലീസ് എത്തി യുവാവിനെ അനുനയിപ്പിക്കാന്‍ ശ്രമിച്ചു. ഇതിനിടെ അഗ്നിരക്ഷാസേനയെയും വിവരം അറിയിച്ചു. കൈയിലെ ഞരമ്പ് മുറിച്ച യുവാവ് കഴുത്തിൽ കുരുക്കിട്ടതിന് ശേഷം താഴേക്കു ചാടുകയായിരുന്നു. ഇയാളെ അഗ്നിരക്ഷാ സേനാംഗങ്ങള്‍ ഉടനെ പ്ലാവില്‍ കയറി താഴെ ഇറക്കി.

മോഷ്ടാവ് എന്ന് മുദ്രകുത്തിയതാണ് തന്റെ മരണത്തിന് കാരണമെന്ന് എഴുതിയ കുറിപ്പും ലഭിച്ചു. ഒരു കേസില്‍ ജയിലില്‍ കഴിഞ്ഞ യുവാവ് അടുത്താണ് പുറത്തിറങ്ങിയത്. എലത്തൂര്‍ പൊലീസിലെ ചിലരുടെ മോശം പ്രവര്‍ത്തനം ചോദ്യം ചെയ്ത് താൻ പരാതി നല്‍കിയിരുന്നു. അതിന്റെ പേരില്‍ തന്നെ കള്ളക്കേസില്‍ കുടുക്കുകയായിരുന്നു എന്നാണ് യുവാവിന്റെ ആത്മഹത്യകുറിപ്പിലും ശബ്ദസന്ദേശത്തിലും പറയുന്നത്. അതോടെ തനിക്ക് ഭാര്യയെ നഷ്ടമായതായും സന്ദേശത്തിൽ വ്യക്തമാക്കുന്നുണ്ട്. മാതാവ്: വസന്ത. സഹോദരി: രമ്യ

Share
അഭിപ്രായം എഴുതാം