1500 രൂപയുമായി ഇന്ത്യയിലെത്തി; 25 കോടി ശമ്പളം വാങ്ങിയ എം ഡി എച്ച്‌ സ്ഥാപകൻ ധരംപാല്‍ ഗുലാത്തി അന്തരിച്ചു

ന്യൂഡല്‍ഹി: ഇന്ത്യയിലെ മുന്‍നിര സ്‌പൈസസ് കമ്പനിയായ മഹാശയ ഡി ഹട്ടിയുടെ (എം ഡി എച്ച്‌) സ്ഥാപകന്‍ ധരംപാല്‍ ഗുലാത്തി (98) അന്തരിച്ചു.

3-12-2020 വ്യാഴാഴ്ച ഡല്‍ഹിയിലെ മാതാ ചനന്‍ ദേവി ആശുപത്രിയില്‍ വച്ചാണ് മരണമടഞ്ഞത്. വാർധക്യസഹജമായ അസുഖങ്ങളെ തുടർന്ന് ഏതാനും ആഴ്ചകളായി ചികിത്സയിലായിരുന്നു. സുഗന്ധവ്യഞ്ജനങ്ങളുടെ രാജാവ് എന്നും ‘ദാദാജി’ എന്നുമൊക്കെയാണ് അദ്ദേഹത്തെ വിശേഷിപ്പിച്ചിരുന്നത്.

2019ല്‍ പത്മഭൂഷണ്‍ അവാര്‍ഡിന് അർഹനായ അദ്ദേഹം പ്രസിഡന്റ് രാം നാഥ് കോവിന്ദില്‍ നിന്നാണ് അതേറ്റു വാങ്ങിയത്. എഫ് എം സി ജി (ഫാസ്റ്റ് മൂവെബിള്‍ കണ്‍സ്യൂമര്‍‌ ഗുഡ്‌സ്) മേഖലയില്‍ പ്രവര്‍ത്തിക്കുന്ന എം ഡി എച്ചിന്റെ സി ഇ ഒ ആയ അദ്ദേഹം കമ്പനിയുടെ സി ഇ ഒമാരില്‍ ഏറ്റവും ഉയര്‍ന്ന ശമ്പളമായിരുന്നു വാങ്ങിയിരു ന്നത്. 2018ലെ ശമ്പളം 25 കോടി രൂപയായിരുന്നു. തന്റെ കമ്പനി നിര്‍മ്മിക്കുന്ന ഉത്പ്പന്നങ്ങളുടെ പരസ്യ ചിത്രങ്ങളില്‍ അഭിനയിക്കാറുള്ള ധരംപാല്‍ ഗുലാട്ടി ലോകത്തിലെ ഏറ്റവും പ്രായം കൂടിയ പരസ്യ ചിത്ര അഭിനേതാവ് എന്ന നിലയിലും പ്രശസ്തനായിരുന്നു.

പാകിസ്ഥാനിലെ സിയാല്‍കോട്ടിൽ 1923 ലാണ് ധരംപാല്‍ ഗുലാട്ടി ജനിച്ചത്. വിഭജനത്തിനുശേഷമാണ് അദ്ദേഹത്തിന്റെ കുടുംബം ഇന്ത്യയിലേക്ക് എത്തിയത്. ആ സമയത്ത് ഗുലാട്ടിയുടെ കുടുംബത്തിന്റെ കൈയില്‍ ഉണ്ടായിരുന്നത് വെറും 1,500 രൂപ മാത്രമായിരുന്നു. ഡല്‍ഹിയിലെ കരോള്‍ ബാഗില്‍ ഒരു ഷോപ്പ് തുടങ്ങിയായിരുന്നു അദ്ദേഹത്തിന്റെ വ്യാപാര ബന്ധം ആരംഭിക്കുന്നത്. അവിടെ നിന്നാണ് ഗുലാട്ടി 2,000 കോടി മൂല്യമുളള എം ഡി എച്ച്‌ എന്ന വന്‍കിട കമ്പനി സ്ഥാപിക്കുന്നത്. ഇന്ന് ഇന്ത്യയിലും ദുബായിലുമായി എം ഡി എച്ചിന് 18 ഫാക്‌ടറികളാണുളളത്. കമ്പനി മൊത്തം 62 ഉത്പനങ്ങള്‍ വിപണിയിലെത്തിക്കുന്നു

Share
അഭിപ്രായം എഴുതാം