ന്യൂഡൽഹി: കേന്ദ്രസർക്കാരിന്റെ കാർഷിക നിയമങ്ങൾക്കെതിരായി കർഷകർ നടത്തുന്ന സമരത്തിന് പിന്തുണയുമായി കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ. സിഖ് മത സ്ഥാപകനായ ഗുരുനാനാക്കിന്റെ ജന്മവാര്‍ഷികാഘോഷത്തോടനുബന്ധിച്ച് നവംബര്‍ 30ന് നടത്തിയ പരിപാടിയിൽ സംസാരിക്കുമ്പോഴാണ് ഇന്ത്യയിലെ കർഷക സമരത്തിന് ക്യാനഡയുടെ പിൻതുണയുണ്ടാകും എന്ന് അദ്ദേഹം പ്രഖ്യാപിച്ചത്.
“കർഷകരുടെ പ്രതിഷേധത്തെക്കുറിച്ച് ഇന്ത്യയിൽ നിന്ന് വരുന്ന വാർത്തകൾ എങ്ങനെ ഗൗനിക്കാതിരിക്കും. നിലവിലെ ‘ സ്ഥിതിഗതികൾ സംബന്ധിച്ചാണ്. അവരെ പിന്തുണക്കേണ്ട സമയമാണ്. നാമെല്ലാവരും നമ്മുടെ കുടുംബം, സുഹൃത്തുക്കൾ എന്നിവരെക്കുറിച്ച് ആശങ്കാകുലരാണ്. നിങ്ങളിൽ പലർക്കും അത് ഒരു യാഥാർത്ഥ്യമാണെന്ന് ഞങ്ങൾക്കറിയാം. സമാധാനപരമായുള്ള പ്രതിഷേധക്കാരുടെ അവകാശങ്ങൾ സംരക്ഷിക്കാൻ കാനഡ എപ്പോഴും ഉണ്ടായിരിക്കുമെന്ന് ഞാൻ നിങ്ങളെ ഓർമ്മിപ്പിക്കുന്നു. ചര്‍ച്ചകളില്‍ ഞങ്ങൾ വിശ്വസിക്കുന്നു. ഒന്നില്‍ കൂടുതല്‍ മാര്‍ഗങ്ങളിലൂടെ കേന്ദ്രത്തോട് ഞങ്ങള്‍ ഞങ്ങളുടെ ആശങ്കകള്‍ പങ്കുവെച്ചിട്ടുണ്ട്. നമ്മളൊരുമിച്ച് പ്രവര്‍ത്തിക്കേണ്ട സമയമാണിത്” -അദ്ദേഹം പറഞ്ഞു.
കനേഡിയന്‍ പ്രതിരോധമന്ത്രി ഹര്‍ജിത് സിംഗ് സഞ്ജനും പരിപാടിയില്‍ പങ്കെടുത്തു. നേരത്തെ ഹർജിത് സിംഗ് സഞ്ജന്‍ ഇതേ വിഷയത്തിൽ കേന്ദ്ര സര്‍ക്കാരിനെതിരെ ട്വീറ്റ് ചെയ്തിരുന്നു.
‘സമാധാനപരമായ പ്രതിഷേധക്കാരെ ഇന്ത്യയിൽ ക്രൂരമായി പീഡിപ്പിച്ചതായുള്ള റിപോർട്ടുകൾ ആശങ്കാജനകമാണ്. എന്റെ പല കുടുംബങ്ങളും അവിടെയുണ്ട്, പ്രിയപ്പെട്ടവരുടെ സുരക്ഷയെക്കുറിച്ച് ആശങ്കാകുലരാണ്. ആരോഗ്യകരമായ ജനാധിപത്യ രാജ്യങ്ങൾ സമാധാനപരമായ പ്രതിഷേധം അനുവദിക്കുന്നു. ഈ മൗലികാവകാശം ഉയർത്തിപ്പിടിക്കാൻ ബന്ധപ്പെട്ടവരോട് ഞാൻ അഭ്യർത്ഥിക്കുന്നു’ -അദ്ദേഹം ട്വിറ്ററിൽ കുറിച്ചു.’
അതേ സമയം ജസ്റ്റിന്‍ ട്രൂഡോയുടെ പരാമര്‍ശത്തിനെതിരെ കേന്ദ്ര വിദേശ കാര്യ മന്ത്രാലയം രംഗത്തുവന്നു. ‘ഇന്ത്യയിലെ കര്‍ഷകരെ കുറിച്ച് കനേഡിയന്‍ നേതാക്കളുടെ പരിജ്ഞാനമില്ലാത്ത അഭിപ്രായങ്ങൾ ഞങ്ങളുടെ ശ്രദ്ധയില്‍പ്പെട്ടു. അത്തരം പരാമര്‍ശങ്ങള്‍ അനാവശ്യമാണ്. പ്രത്യേകിച്ചും ജനാധിപത്യപരമായി പ്രവര്‍ത്തിക്കുന്ന ഒരു രാജ്യത്തിന്‍റെ ആഭ്യന്തര കാര്യത്തെകുറിച്ചായതിനാല്‍. നയതന്ത്ര സംഭാഷണങ്ങള്‍ രാഷ്ട്രീയ കാര്യങ്ങള്‍ക്കായി തെറ്റായി ചിത്രീകരിക്കാതിരുന്നാല്‍ നല്ലത്’; വിദേശ കാര്യ മന്ത്രാലയ വക്താവ് അനുരാഗ് ശ്രീവാസ്തവ പറഞ്ഞു.

