തിരുവനന്തപുരം: ബാര്‍ കോഴക്കേസില്‍ മുന്‍മന്ത്രിമാർക്കെതിരായ അന്വേഷണത്തിനു അനുമതി നല്‍കുന്നതുമായി ബന്ധപ്പെട്ട് ഗവര്‍ണര്‍ മുഹമ്മദ് ആരിഫ് ഖാന്‍ വിജിലന്‍സ് ഡയറക്ടറെ വിളിപ്പിച്ചു. യു ഡി എഫ് സർക്കാരിന്റെ കാലത്ത് നടന്നതായി പറയപ്പെടുന്ന ബാർ കോഴയിൽ അന്നത്തെ മന്ത്രിമാരായ വി എസ് ശിവകുമാര്‍, കെ ബാബു എന്നിവര്‍ക്കെതിരായാണ് വിജിലൻസ് അന്വേഷണം നടത്താൻ സർക്കാർ തീരുമാനിച്ചത്. മുന്‍ മന്ത്രിമാരായതിനാല്‍ അന്വേഷണം നടത്താന്‍ നിയമന അധികാരി എന്ന നിലയില്‍ ഗവര്‍ണറുടെ അനുമതി വേണമെന്നതിനാല്‍ ഇക്കാര്യം ആവശ്യപ്പെട്ടുള്ള ഫയല്‍ ഗവർണർക്കു കൈമാറിയിരുന്നു.
ഫയല്‍ ചൊവ്വാഴ്ച(01/12/20) യാണ് ഗവർണർക്കു ലഭിച്ചത്. ഇതേ തുടര്‍ന്നാണ് വ്യക്തത തേടി ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ വിജിലന്‍സ് ഡയറക്ടറെ നേരിട്ട് വിളിപ്പിച്ചതെന്നാണു സൂചന. അവധിയിലുളള വിജിലന്‍സ് ഡയറക്ടര്‍ വ്യാഴാഴ്ച(03/12/2020) അവധി കഴിഞ്ഞ് തിരിച്ചെത്തിയാല്‍ ഗവര്‍ണറെ കാണുമെന്നാണു സൂചന.
ബാറുടമ ബിജു രമേശിന്റെ പുതിയ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തില്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഉള്‍പ്പെടെയുള്ളവര്‍ക്കെതിരേ വിജിലന്‍സ് അന്വേഷണത്തിന് നേരത്തേ അനുമതി നല്‍കിയിരുന്നു.

