ധനകാര്യ വകുപ്പില്‍ നടക്കുന്ന അഴിമതികള്‍ പുറത്തു കൊണ്ട് വരുന്നതില്‍ ധനമന്ത്രിക്ക് അതൃപ്തിയെന്ന് രമേശ് ചെന്നിത്തല, കെ എസ് എഫ് ഇ യിൽ നടക്കുന്നത് വൻ തിരിമറിയെന്നും ആരോപണം

തിരുവനന്തപുരം: തന്റെ വകുപ്പില്‍ നടക്കുന്ന അഴിമതികള്‍ വിവിധ അന്വേഷണ ഏജൻ നികൾ പുറത്തു കൊണ്ട് വരുന്നതില്‍ ധനമന്ത്രി തോമസ് ഐസക്കിന് കടുത്ത അതൃപ്തിയെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഞായറാഴ്ച (29/11/2020) രാവിലെ തിരുവനന്തപുരത്ത് വാർത്താ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. കെ എസ് എഫ് ഇ യിൽ നടന്ന വിജിലൻസ് അന്വേഷണത്തിനെതിരായ ധനമന്ത്രിയുടെ പ്രസ്താവനയെ രൂക്ഷമായ ഭാഷയിലാണ് രമേശ് ചെന്നിത്തല അപലപിച്ചത്. അന്വേഷണം നടത്താന്‍ ഉത്തരവിട്ട ആര്‍ക്കാണ് വട്ടെന്ന് തോമസ് ഐസക്ക് വ്യക്തമാക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.

“കെഎസ്എഫ്ഇയിലേത് ജനങ്ങളുടെ പണമാണ്. ലക്ഷകണക്കിന് ആളുകള്‍ ഇടപാടുകള്‍ നടത്തുന്ന സ്ഥാപനം ഗുരുതരമായ അഴിമതി നടത്തിയെന്ന് വിജിലന്‍സ് കണ്ടെത്തിയാല്‍ അത് വട്ടാണെന്ന് പറഞ്ഞ് ഒഴിഞ്ഞുമാറാന്‍ കഴിയില്ല, ജനാധിപത്യ സംവിധാനത്തില്‍ ഇത് നടക്കില്ല. ഇക്കാര്യത്തിൽ മുഖ്യമന്ത്രി മറുപടി പറയണം” രമേശ് ചെന്നിത്തല പറഞ്ഞു.

വെളളിയാഴ്ച (27/11/2020) യായിരുന്നു സംസ്ഥാനത്തെ വിവിധ കെഎസ്എഫ്ഇ ശാഖകളില്‍ വിജിലന്‍സിന്റെ മിന്നല്‍ പരിശോധന നടന്നത്. 40 ഓഫീസുകളില്‍ പരിശോധന നടത്തിയതില്‍ 35 ഓഫീസുകളില്‍ ക്രമക്കേട് കണ്ടെത്തിയിരുന്നു. ഓപ്പറേഷന്‍ ബചത് എന്ന പേരിലായിരുന്നു പരിശോധന.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →