കോഴിക്കോട്: കൊറോണ ബാധിച്ച് മരണപ്പെടുന്നവരുടെ മൃതദേഹം കുളിപ്പിക്കാനും കഫന്‍ ചെയ്യാനും കബറുകള്‍ കുഴിച്ചുതന്നെ മറമാടാനുമുളള സര്‍ക്കാര്‍ അനുമതിയില്‍ കാന്തപുരം എപി അബുബക്കര്‍ മുസലിയാര്‍ സന്തോഷം പ്രകടിപ്പിച്ചു. ഉചിതമായ തീരുമാനമെടുത്ത മുഖ്യമന്ത്രിയേയും ആരോഗ്യ മന്ത്രിയേയും അഭിനന്ദിക്കുന്നുവെന്നും അദ്ദേഹം തന്റെ ഫെയ്‌സ്ബുക്ക് കുറിപ്പില്‍ പറഞ്ഞു.
കോവിഡ് ബാധിച്ച് മരണപ്പെടുന്നവരുടെ മൃതദേഹങ്ങള്‍ കുളിപ്പിക്കാതെയും മരണാനന്തര ചടങ്ങുകള്‍ സാധാരണ സ്വഭാവത്തില്‍ നടത്താതെയും മറവ് ചെയ്യുന്നതിലുളള വിഷമങ്ങള്‍ അറിയിച്ച് മുഖ്യമന്ത്രിക്ക് വളരെ നേരത്തേ കത്തയക്കുകയും ടെലഫോണില്‍ സംസാരിക്കുകയും ചെയ്തിരുന്നതായി അബുബക്കര്‍ മുസലിയാര്‍ സൂചിപ്പിച്ചു. ഇക്കാര്യത്തില്‍ ഉചിതമായ തീരുമാനം ഉണ്ടാകുമെന്ന് അന്ന് ഉറപ്പുനല്‍കിയിരുന്നതായും അദ്ദേഹം പറഞ്ഞു. ആരോഗ്യമന്ത്രി ടെലഫോണില്‍ വിളിച്ച് കോവിഡ് മരണങ്ങളില്‍ സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങള്‍ ലഘൂകരിച്ച വിവരം അറിയിച്ചതായും അദ്ദേഹം പറഞ്ഞു.