കൊച്ചി: പാരിസ്ഥിതിക അനുമതി, പരിസ്ഥിതി -സാമൂഹിക ആഘാത പഠനം, പൊതു തെളിവെടുപ്പ് എന്നിവ ഇല്ലാതെ 45 മീറ്റര്‍ ദേശീയപാത വികസന പദ്ധതി നടപ്പാക്കുന്നതിനെതിരെയുളള ഹര്‍ജിയില്‍ കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ക്ക് നോട്ടീസയക്കാന്‍ ഹരിതട്രിബ്യൂണല്‍ ഉത്തരവ്.
രാമനാട്ടുകര മുതല്‍ ഇടപ്പളളിവരെയുളള പദ്ധതി പ്രദേശത്ത് പരിശോധന നടത്താനും ആക്ഷേപങ്ങള്‍ പഠിക്കാനും കേന്ദ്ര പരിസ്ഥിതി മന്ത്രാലയത്തിന്റെയും ദേശീയ പാത അതോരിറ്റിയുടേയും ഉദ്യോഗസ്ഥര്‍ ഉള്‍പ്പെട്ട വിദഗ്ധ സമിതിയെ നിയോഗിക്കാനും നിര്‍ദ്ദേശിച്ചു. ജനുവരി 7ന് മുമ്പ് സമിതി റിപ്പോര്‍ട്ട് സമര്‍പ്പിക്കണം.
100 കിലോമീറ്റര്‍ ദൈര്‍ഘ്യമുളളതോ 40 മീറ്റര്‍ വീതിയില്‍ ഭൂമി ഏറ്റെടുക്കല്‍ ആവശ്യമായതോ ആയ ദേശീയപാത വീതികൂട്ടല്‍ പദ്ധതികള്‍ക്ക് പരിസ്ഥിതി മന്ത്രാലയത്തിന്റെ മുന്‍കൂര്‍ അനുമതി,പരിസ്ഥിതി സാമൂഹികാഘാത പഠനം, പൊതു തെളിവെടുപ്പ് എന്നിവ നിര്‍ബ്ബന്ധമാണെന്ന് 2013ലെ പരിസ്ഥിതി ആഘാത വിലയിരുത്തല്‍ ഭേതഗതി വിജ്ഞാപനത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്.
ഈ വ്യവസ്ഥകള്‍ പാലിക്കാതെയുളള ഭൂമിയേറ്റെടുക്കലിനെതിരെ മലപ്പുറം സ്വദേശി മുഹമ്മദ് ജിഷാര്‍, എറണാകുളം സ്വദേശി കെഎസ് സഖറിയാ, തൃശൂര്‍ സ്വദേശിനി ബീന എന്നിവര്‍ അഡ്വ. ഹാരിഷ് വാസുദേവന്‍ മുഖേന സമര്‍പ്പിച്ച ഹര്‍ജിയിലാണ് ട്രിബ്യൂണലിന്റെ ഇടക്കാല ഉത്തരവ്.



