കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ വിചാരണക്കോടതി മാറ്റണമെന്ന ഹര്‍ജികള്‍ ഹൈക്കോടതി വിധി പറയാനായി മാറ്റി. വിധി വരും വരെ വിചാരണ തടഞ്ഞുകൊണ്ടുള്ള ഇടക്കാല ഉത്തരവ് അതേ പടി തുടരും.
വിചാരണക്കോടതിയില്‍ വിശ്വാസം നഷ്ടപ്പെട്ടെന്ന് പ്രോസിക്യൂഷനും ഇരയും ആവര്‍ത്തിച്ച് ബോധിപ്പിച്ചു.
വിചാരണക്കോടതി ജഡ്ജി പ്രതിക്ക് അനുകൂലമാണന്ന് പറയാന്‍ എന്താണ് കാരണമെന്ന് കോടതി വാദത്തിനിടെ ഇരയോട് ആരാഞ്ഞു. കോടതിയുടെ ഭാഗത്ത് തെറ്റായ നടപടികള്‍ ഉണ്ടായപ്പോള്‍ എന്തുകൊണ്ട് ഹൈകോടതിയെ സമീപിച്ചില്ലന്നും കോടതി ചോദിച്ചു.
എല്ലാത്തിനും എതിര്‍പ്പ് രേഖപ്പെടുത്തേണ്ടന്ന് തോന്നിയെന്നും എന്നാല്‍ അത് തെറ്റായിപ്പോയെന്ന് പിന്നീട് മനസിലായെന്നും ഇരയുടെ അഭിഭാഷകന്‍ ബോധിപ്പിച്ചു.
ഇരയെ അപമാനിക്കുന്ന തരത്തില്‍ ഉള്ള ചോദ്യങ്ങള്‍ പ്രതി ഭാഗത്ത് നിന്ന് ഉണ്ടായപ്പോൾ കോടതി ഇടപെട്ടില്ലെന്നും ആവശ്യമുള്ള ഇടവേളകള്‍ നല്‍കി വേണം വിചാരണ എന്നുള്ള സുപ്രീംകോടതി വിധി പാലിച്ചില്ലെന്നും ഒരു തരത്തിലും മുന്നോട്ട് പോകാന്‍ വയ്യാത്ത സാഹചര്യം ഉണ്ടായപ്പോഴാണ് ഹര്‍ജി ഫയല്‍ ചെയ്തതെന്നും അഭിഭാഷകൻ പറഞ്ഞു.