കട്ടപ്പന: 1964ലെ കേരള ഭൂമി പതിവ് ചട്ടങ്ങള്‍ പ്രകാരം പതിച്ചുനല്‍കിയ പട്ടയഭൂമിയിലെ ചന്ദനം ഒഴികെയുളള മരങ്ങള്‍ മുറിക്കുന്നതുമായി ബന്ധപ്പെട്ട് സര്‍ക്കാര്‍ പുതിയ ഉത്തരവിറക്കി. ഇക്കാര്യത്തില്‍ ആശയ കുഴപ്പം നിലനില്‍ക്കുന്ന സാഹചര്യത്തിലാണ് സര്‍ക്കാരിന്റെ വ്യക്തതയോടെയുളള പുതിയ ഉത്തരവ്. കര്‍ഷകര്‍ക്ക് ഭൂമി പതിച്ചുകിട്ടിയ ശേഷം വച്ചുപിടിപ്പിക്കുന്നതും മുളച്ചുവരുന്നതുമായ മരങ്ങള്‍ മുറിക്കുന്നതിന് 1986 ലെ കേരള പ്രിസര്‍വേഷന്‍ ഓഫ് ട്രീസ് ആക്‌ടിലെ 22-ാം വകുപ്പുപ്രകാരം അനുവാദം ആവശ്യമില്ലാത്തതാണ്.
2005 ലെ പ്രമോഷന്‍ ഓഫ് ട്രീ ഗ്രോത്ത് ആക്‌ടിന്‍റെ 30-ാം ഭാഗം അനുസരിച്ച് വനപ്രദേശമല്ലാത്ത ഭൂമിയില്‍ ഭൂമിയുടെ ഉടമ മരങ്ങള്‍ വച്ചുപിടിപ്പിക്കേണ്ടതാണെന്ന് വ്യവസ്ഥ ചെയ്‌തിട്ടുണ്ട്. പ്രസ്‌തുത ആക്‌ടിന്റെ ആറാം വകുപ്പില്‍ മറ്റേതൊരു നിയമത്തിലും എന്തുതന്നെ അടങ്ങിയിരുന്നാലും വനപ്രദേശമല്ലാത്ത ഭൂമിയുടെ ഉടമസ്ഥര്‍ പ്രസ്‌തുത ഭൂമിയില്‍ വച്ചുപിടിപ്പിക്കുന്ന മരങ്ങളില്‍ ചന്ദനം ഒഴികെയുളള എല്ലാ മരങ്ങളും മുറിക്കുന്നതിനുളള അവകാശം കര്‍ഷകന് തന്നെയെന്ന് വ്യവസ്ഥ ചെയ്‌തിട്ടുണ്ട്.
ഈ സാഹചര്യത്തില്‍ 1964ലെ ചട്ടങ്ങള്‍ പ്രകാരം പതിച്ചുനല്‍കിയ ഭൂമിയില്‍ കര്‍ഷകര്‍ വെച്ചുപിടിപ്പിച്ചതും കിളിര്‍ത്തുവന്നതും, പതിച്ചു ലഭിക്കുന്ന സമയത്ത് വൃക്ഷവിലയടച്ച് റിസര്‍വ്വ് ചെയ്‌തതുമായ ചന്ദനം ഒഴികെയുളളതുമായ എല്ലാ മരങ്ങളുടേയും അവകാശം കര്‍ഷകര്‍ക്ക് മാത്രമാണെന്നും അപ്രകാരമുളള മരങ്ങള്‍ മുറിക്കുന്നതിന് ആരുടേയും അനുമതി ആവശ്യമില്ലെന്നും വ്യക്തമാക്കിയാണ് സര്‍ക്കാരിന്റെ പുതിയ ഉത്തരവ്.
അപ്രകാരമുളള മരങ്ങള്‍ വെട്ടുന്നത് തടസ്സപ്പെടുത്തുന്ന രീതിയില്‍ ഉത്തരവുകള്‍ പാസാക്കുന്നതോ നേരിട്ട് തടസപ്പെടുത്തുന്നതോ ഗുരുതരമായ കൃത്യവിലോപമായി കണക്കാക്കുകയും അത്തരം ഉദ്യോഗസ്ഥര്‍ക്കെതിരെ കര്‍ശന നടപടികള്‍ സ്വീകരിക്കുന്നതാണെന്നും റവന്യൂ പ്രിന്‍സിപ്പല്‍ സെക്രട്ടറി ഡോ. എ ജയതിലകന്റെ ഉത്തരവില്‍ പറയുന്നു.