നെടുമങ്ങാട്: അമ്മായിയമ്മ മരുമകൾ പോരിന് ഒരു സ്ഥാനവുമില്ല എന്ന് തെളിയിച്ച് കൊണ്ട് മരുമകളെയും കൈപിടിച്ച് അമ്മായിയമ്മ ഇറങ്ങുന്നു. ഒന്നിച്ച് പൊരുതാൻ, ചുള്ളിമാനൂർ ഐഎസ്ആർഒ ജംക്‌ഷൻ തിരുവാതിരയിൽ എൻ.ഗീതാദേവിയും മകൻ എസ്.ജി.അനുരാഗിന്റെ ഭാര്യവി.കൃഷ്ണേന്ദുവുമാണ് പരസ്പരം പോരടിച്ച് നിൽക്കാതെ ഒരേ പാർട്ടിയിൽ നിന്ന് കൊണ്ട് ഒന്നിച്ച് പൊരുതുന്നത്.
നെടുമങ്ങാട് നഗരസഭയിൽ പതിനാറാംകല്ല് വാർഡിൽ യുഡിഎഫ് സ്ഥാനാർഥിയായി ഗീതാദേവിയും, ഉഴമലയ്ക്കൽ പഞ്ചായത്ത് പരുത്തിക്കുഴി വാർഡിലെ യുഡിഎഫ് സ്ഥാനാർഥിയായി കൃഷ്ണേന്ദുവും മത്സരിക്കുന്നു. ഗീതാദേവിയുടേത് രണ്ടാം അങ്കവും, കൃഷ്ണേന്ദുവിന്റേത് കന്നി അങ്കവുമാണ്.
2010ൽ പതിനാറാംകല്ല് വാർഡിൽ നിന്ന് ഗീതാദേവി യുഡിഎഫ് സ്ഥാനാർഥിയായി വിജയിച്ചിരുന്നു. പത്ത് വർഷത്തിന് ശേഷം ചുള്ളിമാനൂർ തിരുവാതിര വീട്ടിൽ ഇരട്ട വിജയം നേടിയെടുക്കാനുള്ള ആവേശത്തിലാണ് ഈ അമ്മായിയമ്മയും മരുമകളും.