സാവോ പോളോ: ലോകകപ്പ് ഫുട്‌ബോള്‍ യോഗ്യതാ റൗണ്ടില്‍ ബ്രസീലിനു തുടരെ മൂന്നാം ജയം. വെനസ്വേലയെ മറുപടിയില്ലാത്ത ഒരു ഗോളിന് തോല്‍പ്പിച്ച ബ്രസീല്‍ പട്ടികയില്‍ ഒന്നാംസ്‌ഥാനത്തെത്തി. റോബര്‍ട്ട് ഫിര്‍മിനോയാണ് ഗോളടിച്ചത്. സൂപ്പര്‍ താരം നെയ്മറും ഫിലിപ്പെ കുടീന്യോയും ഇല്ലാതെയായിരുന്നു ബ്രസീല്‍ കളത്തിലിറങ്ങിയത്.
കഴിഞ്ഞ രണ്ട് മത്സരങ്ങളില്‍ ഒമ്പത് ഗോള്‍ അടിച്ചുകൂട്ടിയ ബ്രസീലിന് വെനസ്വേലയ്ക്കെതിരെ ആ മികവ് ആവര്‍ത്തിക്കാനായില്ല. സ്വന്തം തട്ടകത്തില്‍ ഗോളിലേക്കുള്ള വഴി കണ്ടെത്താനാകാതെ വിഷമിച്ചു. റിച്ചാര്‍ലിസണും ഡഗ്ലസ് ലൂയിസും ഇതിനിടെ വെനസ്വേല ഗോളിയെ കീഴടക്കിയെങ്കിലും രണ്ടുതവണയും റഫറി ഓഫ് സൈഡ് വിളിച്ചു.രണ്ടാംപകുതിയിലാണ് ഗോള്‍ പിറന്നത്.
അടുത്ത മത്സരത്തില്‍ ഉറുഗ്വേയാണ് ബ്രസീലിന്റെ എതിരാളി. 2015നുശേഷം ബ്രസീല്‍ തോറ്റിട്ടില്ല. അവസാനമായി 2015ല്‍ ചിലിയോടാണ് തോറ്റത്. അതിനുശേഷം 20 മത്സരങ്ങളില്‍ തോല്‍വിയറിഞ്ഞില്ല.
മറ്റു മത്സരങ്ങളില്‍ ഉറുഗ്വേ 3-0 ത്തിനു കൊളംബിയയെയും ചിലി 2-0 പെറുവിനെയും തോല്‍പ്പിച്ചു. ഗ്രൂപ്പിലെ ആദ്യ നാല് സ്‌ഥാനക്കാര്‍ നേരിട്ട് യോഗ്യത നേടും. അഞ്ചാം സ്‌ഥാനക്കാര്‍ പ്ലേ ഓഫില്‍ കടക്കും. മൂന്ന് കളികളില്‍നിന്ന് ഏഴ് പോയിന്റ് നേടിയ അര്‍ജന്റീന രണ്ടാമതാണ്. രണ്ട് ജയവും ഒരു സമനിലയുമാണ് അവരുടെ നേട്ടം. ഇക്വഡോര്‍ ആറ് പോയിന്റുമായി മൂന്നാമതും അത്രയും പോയിന്റുള്ള യുറുഗ്വേ നാലാമതുമാണ്.