റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

ഉത്തർപ്രദേശിൽ റെയിൽവേ ട്രാക്കിൽ യുവാവിന്റെ മൃതദേഹം, കൊലപാതകമെന്നും അതിനു പിന്നിൽ യുവാവ് വിവാഹം ചെയ്യാനാഗ്രഹിച്ച വനിതാ പൊലീസുകാരിയെന്നും ബന്ധുക്കൾ

November 15, 2020 - 10:53 pm

ലക്നൗ : ഉത്തർപ്രദേശിലെ ഉന്നാവോ ജില്ലയിലെ സിറ്റി കോട്‌വാലി പ്രദേശത്തെ റെയിൽവേ ട്രാക്കിൽ 12/11/20 വ്യാഴാഴ്ച വൈകുന്നേരം 25 കാരനായ യുവാവിൻ്റെ മൃതദേഹം കണ്ടെത്തി. പത്രപ്രവർത്തകനായ സൂരജ് പണ്ഡേയുടെ മൃതദേഹമാണ് റെയിൽവേ ട്രാക്കിൽ കാണപ്പെട്ടത്. ആത്മഹത്യയെന്നാണ് പൊലീസുകാർ പറയുന്നത് എങ്കിലും യുവാവിനെ പൊലീസുകാർ കൊലപ്പെടുത്തിയതാണ് എന്നാണ് ബന്ധുക്കൾ ആരോപിക്കുന്നത്.

മരിച്ച യുവാവ് വിവാഹം കഴിക്കാനാഗ്രഹിച്ച സുനിത ചൗരാസിയ എന്ന സബ് ഇൻസ്പെക്ടറും അമർ സിങ് എന്ന കോൺസ്റ്റബിളും ചേർന്ന് കൊലപ്പെടുത്തി മൃതദേഹം ട്രാക്കിൽ എറിഞ്ഞതായി സൂരജ് പാണ്ഡെയുടെ കുടുംബം ആരോപിക്കുന്നു. ആത്മഹത്യാക്കുറിപ്പുകളൊന്നും ഇതുവരെ കണ്ടെത്തിയിട്ടില്ല.

എല്ലാ തെളിവുകളും ആത്മഹത്യയിലേക്കാണ് വിരൽ ചൂണ്ടുന്നതെന്ന് ഉന്നാവോ പോലീസ് സൂപ്രണ്ട് സുരേഷ്റാവു എ കുൽക്കർണി പറഞ്ഞു. പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിൽ ശരീരത്തിൽ കണ്ടെത്തിയ പരിക്കുകൾ ട്രെയിൻ കയറിയിറങ്ങിയത് മൂലമാണെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്.

എന്നാൽ സൂരജിന്റെ അമ്മ ലക്ഷ്മി പാണ്ഡെയുടെ പരാതിയുടെ അടിസ്ഥാനത്തിൽ കൊലപാതകം, ക്രിമിനൽ ഗൂഢാലോചന, ഭീഷണിപ്പെടുത്തൽ എന്നീ കുറ്റങ്ങൾ ചുമത്തി സബ് ഇൻസ്പെക്ടർ സുനിത ചൗരാസിയ, കോൺസ്റ്റബിൾ അമർ സിംഗ്, എന്നിവർക്കെതിരെ പോലീസ് കേസെടുത്തിട്ടുണ്ട്.

ഒരു പത്രത്തിൽ ജോലി ചെയ്തിരുന്ന സൂരജും സബ് ഇൻസ്പെക്ടർ സുനിതയും ഫോണിൽ സ്ഥിരമായി ബന്ധപ്പെട്ടിരുന്നു എന്നതിന് പോലീസ് തെളിവുകൾ കണ്ടെത്തിയിട്ടുണ്ട്.

സുനിതയെ വിവാഹം കഴിക്കാൻ ആഗ്രഹിക്കുന്നുവെന്ന് സൂരജ് അറിയിച്ചൂവെങ്കിലും അവർക്ക് അതിന് സമ്മതമായിരുന്നില്ല. ഉനാവോയിലെ ഒരു വനിതാ പോലീസ് സ്റ്റേഷന്റെ സ്റ്റേഷൻ ഓഫീസറായിരുന്നു സുനിത.

സുനിത നിരവധി തവണ വീട് സന്ദർശിച്ചിട്ടുണ്ടെന്ന് സൂരജിൻ്റെ അമ്മ പറയുന്നു. ബുധനാഴ്ച സുനിതയുടെ ഡ്രൈവറായ അമർ സിംഗ് സൂരജിനെ വിളിച്ച് ഗുരുതരമായ പ്രത്യാഘാതങ്ങൾ നേരിടുമെന്ന് ഭീഷണിപ്പെടുത്തിയതായും അവർ പറയുന്നു.

വ്യാഴാഴ്ച രാവിലെ ഒരു ഫോൺ കോൾ ലഭിച്ചതിനെ തുടർന്ന് സൂരജ് വീട്ടിൽ നിന്ന് പുറപ്പെട്ടു. ഉച്ചയ്ക്ക് ഒരു മണിയോടെ ഫോണിൽ ബന്ധപ്പെടാൻ കഴിയാതെ വന്നപ്പോൾ അമ്മ പോലീസിനെ അറിയിക്കുകയായിരുന്നു.

“ഇത് ആത്മഹത്യയാകാനാണ് സാധ്യതയേറെയും. അന്വേഷണം തുടരുകയാണ്, ”എസ്എച്ച്ഒ പറഞ്ഞു. ഇതുവരെ ആരെയും അറസ്റ്റ് ചെയ്തിട്ടില്ല.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *