കൊച്ചി: കൊച്ചിയില്‍ ഹണിട്രാപ്പ് തട്ടിപ്പ് നടത്തിയ രണ്ടുപേരെ പോലീസ് അറസ്‌റ്റ് ചെയ്‌തു. കൊല്ലം മയ്യനാട് സ്വദേശിനി റിസ്വാനയും എറണാകുളം പോണേക്കര സ്വദേശിയായ അല്‍ത്താഫുമാണ് അറസ്റ്റിലായത്. ചേരനല്ലൂര്‍ പോലീസാണ് പ്രതികളെ അറസ്റ്റ് ചെയ്‌തത്. കൊച്ചി ഇടപ്പളളി സ്വദേശിയായ 19 കാരനാണ് ഇത്തവണ തട്ടിപ്പില്‍ വീണത്.
അറസ്റ്റിലായ ഇരുവരും ലിവിംഗ് ടുഗതെര്‍ പാര്‍ട്ട്‌ണര്‍മാരാണ്. ചേരനല്ലൂര്‍ വിഷ്‌ണുപുരം ഫെഡറല്‍ ബാങ്ക് ലിങ്ക് റോഡില്‍ വാടകയ്‌ക്ക് താമസിക്കുകയാണ്. അല്‍ത്താഫിന്റെ സുഹൃത്തിനെയാണ് ഇവര്‍ തട്ടിപ്പിനിരയാക്കിയത്. റിസ്വാന വാട്‌സാപ്പ് സന്ദേശം വഴി ഇയാളെ തങ്ങളുടെ വീട്ടിലെത്തിക്കുകയായിരുന്നു.
ഇരുവരും ചേര്‍ന്ന് യുവാവിന്‍റെ സ്വര്‍ണ്ണമാലയും മൊബൈല്‍ ഫോണും തട്ടിയെടുത്തിരുന്നു. തട്ടിയെടുത്ത സാധനങ്ങള്‍ പോലീസ് കണ്ടെടുത്തു. കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്‍റ് ചെയ്‌തു. അടുത്ത ദിവസം പ്രതികളെ കസ്റ്റഡിയില്‍ വാങ്ങി കൂടുതല്‍ അന്വേഷണം നടത്തുമെന്ന് പോലീസ് പറഞ്ഞു. കഴിഞ്ഞ ഒന്നരമാസത്തിനിടെ നടന്ന മൂന്നാമത്തെ ഹണിട്രാപ്പ് തട്ടിപ്പാണിത്.