വാഷിംഗ്ടണ്‍: ഡൊണാൾഡ് ട്രംപിന്റെ നയങ്ങളെ അടിമുടി മാറ്റിമറിക്കാന്‍ ജോ ബൈഡന് ഒരുങ്ങുകയാണെന്ന് സൂചന. ബൈഡന് അധികാരമേറ്റാലുടന്‍ വരുന്ന മാറ്റങ്ങളെ സംബന്ധിച്ച് വൈറ്റ്ഹൗസ് വൃത്തങ്ങളാണ് സൂചന നല്‍കിയത്. കൊറോണ നയങ്ങളെ സമൂലമായി പുന:പ്പരിശോധിക്കുമെന്ന് പ്രചാരണ സമയത്തുതന്നെ ബൈഡന് പ്രഖ്യാപിച്ചിരുന്നു. നിലപാടുകൾ കൂടുതൽ ശാസ്ത്രീയമാക്കുമെന്ന് വിജയാഹ്ലാദ റാലിയിലും അദ്ദേഹം പറഞ്ഞിരുന്നു. സ്ഥാനമേറ്റാലുടന്‍ രണ്ട് കാര്യങ്ങളാണ് സുപ്രധാന എക്സിക്യൂട്ടീവ് തീരുമാനങ്ങളായി ബൈഡന് ഒപ്പുവെയ്ക്കുക എന്നാണ് റിപ്പോര്‍ട്ട്.
ചൈനയ്ക്കെതിരെയുള്ള നയത്തിന്റെ പേരില്‍ ലോകാരോഗ്യ സംഘടനയില്‍ നിന്നുണ്ടായ പിന്മാറ്റമാണ് ആദ്യം റദ്ദാക്കാന്‍ തീരുമാനിച്ചിട്ടുള്ളത്. ഒപ്പം പരിസ്ഥിതി വിഷയത്തില്‍ പാരീസ് ഉടമ്ബടിയില്‍ അമേരിക്ക വീണ്ടും ഒപ്പുവെയ്ക്കും. വ്യവസായങ്ങളെ നിയന്ത്രിക്കേണ്ടിവരും എന്ന ന്യായം പറഞ്ഞാണ് ട്രംപ് പാരീസ് കാലാവസ്ഥാ ഉടമ്പടിയില്‍ നിന്നും പിന്മാറിയത്.
ഇതിനൊപ്പം ഇസ്ലാമിക രാജ്യങ്ങളില്‍ നിന്നുള്ള പൗരന്മാര്ക്ക് വീണ്ടും യാത്രാനുമതിയും വിസയും അനുവദിച്ചേക്കും. കുടിയേറ്റ നയത്തിലും വലിയ മാറ്റമുണ്ടാകും. കുടിയേറ്റ നയത്തിലെ മാറ്റം ലക്ഷക്കണക്കിന് ഇന്ത്യക്കാർക്ക് സഹായകമാകും എന്നാണ് സൂചന.

