വീണ്ടും ഹണി ട്രാപ്പ്; ഡോക്ടറെ തോക്കു കാട്ടി നഗ്നനാക്കി നിർത്തി സ്ത്രീയോടൊപ്പം ദൃശ്യങ്ങൾ പകർത്തി; പ്രതികൾ പിടിയിൽ

കൊച്ചി: സ്വകാര്യ ആശുപത്രിയിലെ ഡോക്ടറെ ഹോട്ടലിൽ വിളിച്ചു വരുത്തി തോക്കു കാട്ടി നഗ്നനാക്കി നിർത്തി സ്ത്രീയോടൊപ്പം ദൃശ്യങ്ങൾ പകർത്താൻ ശ്രമിച്ചവർ പിടിയിൽ. 5 ലക്ഷം രൂപ തട്ടിയെടുക്കാനുള്ള ഹണി ട്രാപ് നടത്തിയ യുവതിയടക്കം മൂന്ന് പേരാണ് കളമശേരി സ്വദേശിയായ ഡോക്ടറുടെ പരാതിയെത്തുടര്‍ന്ന് അറസ്റ്റിലായത്.

നായരമ്പലം പുഞ്ചേപ്പാലത്തിനടുത്ത് പുല്ലാരിപ്പാടം വീട്ടില്‍ അനുപമ രഞ്ജിത്ത് (22), മരട് തുരുത്തി മംഗലപ്പിള്ളി വീട്ടില്‍ റോഷ്വിന്‍ (23), വാഴക്കുളം മാറമ്പിള്ളി താണിപ്പറമ്പില്‍ ജംഷാദ് (25) എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ഒന്നാം പ്രതി മുഹമ്മദ് അജ്മല്‍, നാലാം പ്രതി വിനീഷ് എന്നിവര്‍ ഒളിവിലാണ്.

നഗ്ന ദൃശ്യങ്ങൾ എടുത്തതിനു ശേഷം 5 ലക്ഷം രൂപ നല്‍കിയില്ലെങ്കില്‍ ഡോക്ടറുടെ ബന്ധുക്കള്‍ക്കു ഫോട്ടോയും വീഡിയോയും അയച്ചുകൊടുക്കുമെന്നും സാമൂഹ്യ മാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുമെന്നും ഭീഷണിപ്പെടുത്തി എന്ന് ആരോപിച്ച് കളമശേരി സ്വദേശി ജേക്കബ് ഈപ്പനാണ് പരാതി നൽകിയത്.

2020 ഒക്ടോബര്‍ 21ന് രാത്രി 10.30നാണ് സംഭവം. സ്ഥലക്കച്ചവടത്തിന്റെ കാര്യങ്ങള്‍ സംസാരിക്കാനെന്ന വ്യാജേന ഡോ. ജേക്കബ് ഈപ്പനെ മുഹമ്മദ് അജ്മല്‍ ഇടപ്പള്ളിയിലെ ഹോട്ടലിലേക്ക് വിളിച്ചുവരുത്തുകയായിരുന്നു. ഡോക്ടറെ മുറിയിലാക്കി അജ്മല്‍ പുറത്തിറങ്ങിയ ശേഷം മറ്റു പ്രതികൾ ആയുധങ്ങളുമായി അതിക്രമിച്ചു കയറി. തോക്കും ചുറ്റികയും കാണിച്ച് ഭീഷണിപ്പെടുത്തി ഡോക്ടറെ കിടപ്പുമുറിയില്‍ കൊണ്ടുപോയി നിര്‍ബന്ധിച്ച് വിവസ്ത്രനാക്കി. പിന്നീട് അനുപമയെ ഒപ്പം നിര്‍ത്തി ഫോട്ടോയും വീഡിയോയും എടുത്തു.

കുതറിമാറാന്‍ ശ്രമിച്ച ഡോക്ടറെ അനുപമ ചുറ്റിക കൊണ്ട് അടിച്ചു പരുക്കേല്‍പിക്കുകയും പണം തട്ടിയെടുക്കാൻ ശ്രമിച്ചുവെന്നുമാണ് പരാതി.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →