ഔറംഗാബാദ്: മഹാരാഷ്ട്രയിലെ ഔറംഗാബാദില്‍ മൂന്നുമാസത്തിനുളളില്‍ മൂന്നുപേരെ വിവാഹം ചെയ്ത് തട്ടിപ്പുനടത്തിയ യുവതി പോലീസ് വലയിലായി. വിജയ അമൃത എന്ന 27 കാരിയാണ് അറസ്റ്റിലായത്. കല്ല്യാണ തട്ടിപ്പ് റാക്കറ്റിന്‍റെ ഭാഗമാണ് എന്നാണ് പോലീസ് നല്‍കുന്ന വിവരം. കല്ല്യാണം കഴിഞ്ഞ് രണ്ടാഴ്ച്ചക്കുളളില്‍ തന്‍റെ വിലപ്പിടിപ്പുളള വസ്തുക്കളുമായി വധു കടന്നുകളഞ്ഞെന്ന് നാസിക്കിലെ യോഗേഷ് ഷിര്‍സാത്ത് എന്നയാളുടെ പരാതിയിലാണ് വിവാഹ തട്ടിപ്പ് റാക്കറ്റിനെ വലയിലാക്കിയത്.
അതേസമയം കേസില്‍ അറസ്റ്റിലായ മുഖ്യ കണ്ണിയായ യുവതിക്ക് ഭര്‍ത്താവും ഒരു കുട്ടിയുമുണ്ട്. കോവിഡ് പ്രതിസന്ധിയില്‍ ജോലി നഷ്ടപ്പെട്ട് വരുമാനം നിലച്ചതാണ് ഈ റാക്കറ്റിന്റെ ഭാഗമാകാന്‍ കാരണമെന്നാണ് പോലീസിന് കിട്ടിയ വിവരം. കഴിഞ്ഞ മൂന്നുമാസത്തിനിടെ യുവതി മൂന്നുപേരെ വിവാഹം കഴിച്ചിട്ടുണ്ടെന്ന് അന്വേഷണത്തില്‍ വ്യക്തമായി്.
പരാതിക്കാരനായ യോഗേഷില്‍ നിന്നും മുങ്ങിയ യുവതി സന്ദീപ് ഡാര്‍ഡെയെന്നയാളെ കല്ല്യാണം കഴിച്ചു. അതിന് പിന്നാലെ പടിഞ്ഞാറന്‍ മഹാരാഷ്ട്രയില്‍ നിന്നും മറ്റൊരു വിവാഹം കഴിച്ചു. ഭാര്യയെ കാണാതായതോടെയാണ് യോഗേഷ് പരാതിയുമായി പോലീസിലെത്തിയത്. യുവതിയെ ചോദ്യം ചെയ്തപ്പോഴാണ് കാര്യങ്ങള്‍ പുറത്തായത്.

