അരുണാചല്‍ അതിര്‍ത്തിയോട് ചേര്‍ന്ന ചൈനീസ് റെയില്‍വേ പാത പദ്ധതി വരുന്നു

ബീജിങ്: തെക്കുപടിഞ്ഞാറന്‍ സിചുവാന്‍ പ്രവിശ്യയിലെ യാന്‍, ടിബറ്റിലെ ലിന്‍സി എന്നിവയ്ക്കിടയില്‍ തന്ത്രപ്രധാനമായ സിചുവാന്‍-ടിബറ്റ് റെയില്‍വേയുടെ നിര്‍മ്മാണം ആരംഭിക്കാന്‍ ചൈന ഒരുങ്ങുന്നു. അരുണാചല്‍പ്രദേശിലെ ഇന്ത്യന്‍ അതിര്‍ത്തിയോട് ചേര്‍ന്നാണ് പദ്ധതി വരുന്നത്.രണ്ട് തുരങ്കങ്ങളും ഒരു പാലവും നിര്‍മ്മിക്കുന്നതിനുള്ള പദ്ധതിയാണ് ചൈനീസ് റെയില്‍വേ പ്രഖ്യാപിച്ചത്. അതുപോലെ തന്നെ സിചുവാന്‍-ടിബറ്റ് റെയില്‍വേയിലെ യാന്‍-ലിന്‍സി വിഭാഗത്തിനുള്ള വൈദ്യുതി വിതരണ പദ്ധതിയും ആരംഭിക്കാന്‍ പോകുകയാണെന്നാണ് റിപ്പോര്‍ട്ട്. അരുണാചല്‍ പ്രദേശിനെ തെക്കന്‍ ടിബറ്റിന്റെ ഭാഗമാണെന്ന ചൈനയുടെ അവകാശ വാദം നിലനില്‍ക്കുന്നതിനാല്‍ പദ്ധതി ഇന്ത്യന്‍ സര്‍ക്കാര്‍ ഗൗരവമായി വിലയിരുത്തുമെന്നാണ് കരുതുന്നത്.

കിന്‍ഹായ്-ടിബറ്റ് റെയില്‍വേയ്ക്ക് ശേഷം ടിബറ്റിലെ രണ്ടാമത്തെ വലിയ പദ്ധതിയാണ് സിചുവാന്‍-ടിബറ്റ് റെയില്‍വേ. ലോകത്തിലെ ഏറ്റവും ഭൗമശാസ്ത്രപരമായി സജീവമായ പ്രദേശങ്ങളിലൊന്നായ ക്വിങ്ഹായ്-ടിബറ്റ് പീഠഭൂമിയുടെ തെക്കുകിഴക്ക് ഭാഗത്തേക്കാണ് ഇത് പോകുന്നതെന്ന് ചൈന ന്യൂസ് റിപ്പോര്‍ട്ട് ചെയ്യുന്നു.സിചുവാന്‍-ടിബറ്റ് റെയില്‍വേ സിചുവാന്‍ പ്രവിശ്യയുടെ തലസ്ഥാനമായ ചെംഗ്ഡുവില്‍ നിന്ന് ആരംഭിച്ച് യാന്‍ വഴി സഞ്ചരിച്ച് കാംഡോ വഴി ടിബറ്റിലേക്ക് പ്രവേശിക്കുന്ന പാതയാണ് ഒരുങ്ങുന്നത്. ഇത് ചെംഗ്ഡുവില്‍ നിന്ന് ലാസയിലേക്കുള്ള യാത്ര 48 മണിക്കൂറില്‍ നിന്ന് 13 മണിക്കൂറായി കുറയ്ക്കുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.ദേശീയ ഐക്യം സംരക്ഷിക്കുന്നതിലും അതിര്‍ത്തി സ്ഥിരത നിലനിര്‍ത്തുന്നതിലും സിചുവാന്‍-ടിബറ്റ് റെയില്‍വേയ്ക്ക് വലിയ പ്രാധാന്യമുണ്ടെന്നും സിചുവാന്‍-ടിബറ്റ് റെയില്‍വേ പദ്ധതിയുടെ ആകെ ചെലവ് 319.8 ബില്യണ്‍ യുവാന്‍ (47.8 ബില്യണ്‍ ഡോളര്‍) ആണെന്നും ഗ്ലോബല്‍ ടൈംസ് റിപ്പോര്‍ട്ട് ചെയ്തു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →