മ്യാൻമാറിലെ തീവ്രവാദ ഗ്രൂപ്പിന് ചൈന ആയുധമെത്തിക്കുന്നതായി റിപ്പോർട്. ഇന്ത്യൻ സഹായത്തോടെ നടക്കുന്ന വികസനപദ്ധതികൾക്കു തുരങ്കം വയ്ക്കാൻ നീക്കം

ന്യൂഡൽഹി: മ്യാൻമാറിലെ തീവ്രവാദ സംഘടനയായ അറാക്കൻ ആർമിയ്ക്ക് ചൈന ആയുധമെത്തിക്കുന്നതായി റിപ്പോർട്. ഇന്ത്യാ ഗവൺമെൻ്റിൻ്റെ സഹായത്തോടെ മ്യാൻമാറിൽ നടക്കുന്ന വികസനപദ്ധതികൾക്കു തുരങ്കം വയ്ക്കുന്നത് അറാക്കൻ ആർമിയാണ് എന്നും ആക്ഷേപമുണ്ട്.

ഇന്ത്യൻ പിന്തുണയുള്ള കലാഡൻ മൾട്ടിമോഡൽ ട്രാൻസ്പോർട്ട് പദ്ധതിയുടെ പ്രവർത്തനങ്ങൾക്ക് വിഘാതം സൃഷ്ടിക്കുന്നത് അറാക്കൻ ആർമിയാണ്.

” 2019 ൽ 600 ഓളം തവണ മ്യാൻമറീസ് സൈനികരുമായി അറാക്കൻ കലാപകാരികൾ ഏറ്റുമുട്ടിയിരുന്നു. 480 മില്യൺ ഡോളറിൻ്റെ കലാഡൻ പദ്ധതിക്ക് സമീപമാണ് ഇതിൽ ഭൂരിപക്ഷം ഏറ്റുമുട്ടലുകളും നടന്നത്. പദ്ധതിക്കായി വസ്തുക്കൾ കയറ്റുമതി ചെയ്യുന്നതിനെ ലക്ഷ്യമിട്ട് അറാക്കൻ ആർമി കേഡർ കുറഞ്ഞത് നാല് ആക്രമണങ്ങൾ നടത്തിയിട്ടുണ്ട്. പദ്ധതിക്ക് സുരക്ഷ നൽകുന്ന മ്യാൻമർ സൈനികരെ ആക്രമിച്ചതായും റിപ്പോർടുകൾ ഉണ്ടായിരുന്നു. 2019 ൽ കലാഡൻ പദ്ധതിയുടെ ഒരു പ്രധാന ഘട്ടം റാഖൈൻ, ചിൻ സംസ്ഥാനങ്ങളിൽ പൂർത്തിയാകുന്ന സമയത്ത് അറാക്കൻ ആർമി തങ്ങളുടെ പ്രവർത്തന മേഖല അവിടേക്ക് മാറ്റുകയും ചെയ്തിരുന്നു.” മ്യാൻമറിലെ ഒരു പ്രാദേശിക മാധ്യമ പ്രവർത്തകൻ പറഞ്ഞു.

കൊൽക്കത്ത തുറമുഖവുമായി ബന്ധിപ്പിച്ച് കാലഡൻ നദിയിലൂടെ വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലേക്ക് ചരക്ക് കൊണ്ടുപോകാൻ സഹായിക്കുന്ന വൻ ഗതാഗത പദ്ധതിയാണ് ഇന്ത്യൻ സഹായത്തോടെ മ്യാൻമാറിൽ പൂർത്തിയായി വരുന്നത്.

2020 ജൂൺ 23 ന് മ്യാൻമറിലെ കാരെൻ സംസ്ഥാനത്തിന്റെ അതിർത്തിയിലുള്ള മേസോട്ട് ജില്ലയിൽ നിന്ന് നിരവധി എകെ 47 ആക്രമണ റൈഫിളുകൾ ഉൾപ്പെടെ ചൈനീസ് നിർമിത ആയുധങ്ങൾ സൈന്യം പിടിച്ചെടുത്തിരുന്നു. 30 ദശലക്ഷം ബാറ്റ് (ഏതാണ്ട് ഒരു മില്യൺ ഡോളർ) വിലമതിക്കുന്ന ഈ ആയുധങ്ങൾ അറാക്കൻ ആർമി, അരകാൻ റോഹിംഗ്യ സാൽ‌വേഷൻ ആർമി (ആർ‌എസ്‌എ) എന്നിവയ്ക്ക് വിതരണം ചെയ്യാനാണ് ഉദ്ദേശിച്ചതെന്ന് നാട്ടുകാർ പറയുന്നു.

ഈ വർഷം ഫെബ്രുവരി മൂന്നാം വാരം ചൈനീസ് നിർമിത ആയുധങ്ങളുടെ മറ്റൊരു വലിയ ചരക്ക് മ്യാൻമർ, ബംഗ്ലാദേശ് ജംഗ്ഷന് സമീപമുള്ള മോനഖാലി ബീച്ച് വഴി റാഖൈൻ സംസ്ഥാനത്തേക്ക് കടത്തിയതായും റിപ്പോർട്ടുകളുണ്ട്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →