റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

ഒരേ റോഡിൽ അഞ്ച് സ്ത്രീകളുടെ മുന്നില്‍ നഗ്നത പ്രദര്‍ശിപ്പിക്കുകയും ലൈംഗികാതിക്രമത്തിന് ശ്രമിക്കുകയും ചെയ്ത എസ്‌ഐ അറസ്റ്റില്‍

October 26, 2020 - 5:57 pm

ന്യൂ ഡൽഹി: ഒരേ റോഡിൽ അഞ്ച് സ്ത്രീകളുടെ മുന്നില്‍ നഗ്നത പ്രദര്‍ശിപ്പിക്കുകയും ലൈംഗികാതിക്രമത്തിന് ശ്രമിക്കുകയും ചെയ്ത എസ്‌ഐ അറസ്റ്റില്‍.

ഡല്‍ഹി സ്പെഷ്യല്‍ സെല്‍ എസ്‌ഐ പുനീത് ഗ്രേവാളിനെയാണ് അറസ്റ്റ് ചെയ്തത്. ഇയാൾ അതിക്രമം കാണിച്ച സ്ത്രീകളില്‍ ഒരാള്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടി ആയതിനാല്‍ പോക്സോ ഉള്‍പ്പെടെ ചുമത്തിയിട്ടുണ്ട്.

എസ്‌.ഐ. അപമര്യാദയായി പെരുമാറിയ സ്ത്രീകളിലൊരാള്‍ സോഷ്യല്‍ മീഡിയയില്‍ വെളിപ്പെടുത്തിയതോടെയാണ് സംഭവം പുറത്തായത്. 2020 ഒക്ടോബര്‍ 17 മുതല്‍ 20 വരെയാണ് അഞ്ച് സ്ത്രീകള്‍ ഒരേ റോഡില്‍ വെച്ച്‌ അതിക്രമത്തിനിരയായത്.

ഒക്ടോബര്‍ 17ന് രാവിലെ ഏകദേശം 8.30ഓടെ ദ്വാരകക്ക് സമീപം സൈക്കിളില്‍ പോവുകയായിരുന്ന സ്ത്രീ അവിടെ വെച്ച് തനിക്ക് നേരിട്ട അതിക്രമം സോഷ്യൽ മീഡിയയിൽ വിവരിച്ചത് വൈറലായിരുന്നു. തുടർന്ന് സ്ത്രീയുടെ പരാതി പോലീസ് അന്വേഷിച്ചതോടെയാണ് എസ്.ഐ. പിടിയിലായത്.

സ്ത്രീയുടെ സൈക്കിളിന്റെ പിന്നാലെയെത്തിയ ചാര നിറത്തിലുള്ള കാറിലിരുന്ന് ഇയാൾ ഹോണടിക്കാന്‍ തുടങ്ങി. വാഹനത്തിന് മുന്നോട്ട് പോകാനായിരിക്കും എന്ന് കരുതി അവർ സിഗ്നല്‍ നല്‍കി.

എന്നാല്‍ വാഹനത്തിലുള്ളയാള്‍ സ്പീഡ് കുറച്ച്‌ സ്ത്രീയുടെ സൈക്കിളിനൊപ്പം കാര്‍ ഓടിച്ചു. സൈക്കിൾ നിർത്തിയപ്പോൾ വഴി ചോദിച്ചു. വഴി പറയുന്നതിന് മുമ്പ് തന്നെ
അയാള്‍ പാന്റിന്റെ സിബ് അഴിച്ച്‌ സ്വകാര്യ ഭാഗങ്ങളില്‍ സ്പര്‍ശിക്കാന്‍ തുടങ്ങി. സ്ത്രീ ഉറക്കെ ശബ്ദമുണ്ടാക്കിയെങ്കിലും വഴി വിജനമായിരുന്നു. അയാള്‍ ലൈംഗിക ചുവയോടെ സംസാരിക്കാൻ തുടങ്ങി. അതോടെ സൈക്കിളോടിച്ച് രക്ഷപെടാൻ സ്ത്രീ ശ്രമിച്ചു.

ശബ്ദം കേട്ട് നാട്ടുകാര്‍ പിന്നാലെ വരുമെന്ന് തോന്നിയപ്പോള്‍ അയാള്‍ കാറിന്‍റെ വേഗത കൂട്ടി ഓടിച്ചുപോയി. വണ്ടിക്ക് നമ്പർ പ്ലേറ്റ് ഉണ്ടായിരുന്നില്ല. മാതാപിതാക്കളെയും പൊലീസിനെയും വിവരം അറിയിച്ചു എന്നാണ് സോഷ്യൽ മീഡിയയിൽ അവർ വിവരിച്ചത്. പരാതിയെ തുടര്‍ന്ന് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് അതേ റോഡിൽ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടി ഉള്‍പ്പെടെ നാല് പേരോട് അക്രമി ഇതുപോലെ പെരുമാറിയെന്ന് മനസ്സിലായത്. നാല് പേരില്‍ ഒരാള്‍ പറഞ്ഞത് താന്‍ നടന്നുപോകുമ്പോള്‍ അര്‍ധനഗ്നനായ ഒരാള്‍ കാറില്‍ നിന്നും തന്നെ കടന്നുപിടിക്കാന്‍ ശ്രമിച്ചെന്നാണ്. താന്‍ ഒരുവിധം രക്ഷപ്പെടുകയായിരുന്നുവെന്നും യുവതി പറഞ്ഞു.

സിസിടിവി ദൃശ്യങ്ങളിൽ നിന്നും കാർ സഞ്ചരിച്ച വഴികൾ മനസിലാക്കിയ പോലീസ് പ്രതിയുടെ വീട് കണ്ടെത്തുകയും വാഹന പരിശോധന നടത്തി പ്രതി എസ്.ഐ. ആണെന്ന് ഉറപ്പു വരുത്തി അറസ്റ്റ് ചെയ്യുകയുമായിരുന്നു. ഇയാൾ വിവാഹിതനാണ്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *