പാരീസ്: ഭീകര സംഘടനകളുടെ സാമ്പത്തിക സ്രോതസ് നിരീക്ഷിക്കുന്ന അന്താരാഷ്ട്ര കൂട്ടായ്മയായ ഫിനാന്‍ഷ്യല്‍ ആക്ഷന്‍ ടാസ്ക് ഫോഴ്സിന്റെ ‘ഗ്രേ’ ലിസ്റ്റില്‍ നിന്ന് പുറത്തുകടക്കാനുള്ള പാകിസ്ഥാന്റെ നീക്കം പരാജയപ്പെട്ടു. തീവ്രവാദികള്‍ക്കും ഭീകര സംഘടനകള്‍ക്കും സാമ്പത്തിക ഉപരോധം ഏര്‍പ്പെടുത്തുന്നതിനും അവരുടെ സ്വത്തുക്കള്‍ മരവിപ്പിക്കുന്നതിനും സാമ്പത്തിക സഹായം തടയുന്നതിനും കൂടുതല്‍ ശക്തമായ നടപടികള്‍ സ്വീകരിക്കണമെന്ന് നിര്‍ദ്ദേശിച്ചുകൊണ്ടാണ് ഗ്രേ ലിസ്റ്റില്‍ നിന്ന് ഒഴിവാക്കണമെന്ന പാകിസ്ഥാന്റെ ആവശ്യം എഫ്‌എടിഎഫ് വീണ്ടും നിരാകരിച്ചത്.
ഇക്കാര്യത്തില്‍ നേരത്തെ മുന്നോട്ടുവെച്ച 27 കര്‍മ്മ പദ്ധതികള്‍ വിട്ടുവീഴ്ചയില്ലാതെ നടപ്പിലാക്കാനും എഫ്‌എടിഎഫ് പാകിസ്ഥാനോട് ആവശ്യപ്പെട്ടു. ഇതിനായി നല്‍കിയ എല്ലാ സമയപരിധിയും അവസാനിച്ചതായി ഓര്‍മ്മിപ്പിച്ച എഫ്‌എടിഎഫ് 2021 ഫെബ്രുവരിക്കുള്ളില്‍ പാകിസ്ഥാന്‍ നിര്‍ദ്ദേശങ്ങള്‍ പൂര്‍ണ്ണമായി നടപ്പിലാക്കണമെന്ന കര്‍ശന നിര്‍ദ്ദേശവും നല്‍കി. 21 നിര്‍ദ്ദേശങ്ങള്‍ മാത്രമാണ് പാകിസ്ഥാന്‍ നടപ്പിലാക്കിയത്.
തീവ്രവാദ ഫണ്ടിംഗ് തടയുന്നതില്‍ പാകിസ്ഥാന്‍ കൂടുതല്‍ കാര്യങ്ങള്‍ ചെയ്യേണ്ടതുണ്ടെന്ന് എഫ്‌എടിഎഫ് വെര്‍ച്വല്‍ പ്ലീനറി യോഗത്തിന് ശേഷം പ്രസിഡന്റ് മാര്‍ക്കസ് പ്ലെയര്‍ പറഞ്ഞു. നിര്‍ദ്ദേശങ്ങള്‍ പൂര്‍ണമായി നടപ്പിലാക്കിയിട്ടുണ്ടോയെന്ന് എഫ്‌എടിഎഫ് നേരിട്ട് പരിശോധിച്ച് വിലയിരുത്തിയ ശേഷം മാത്രമേ ഗ്രേ ലിസ്റ്റില്‍ നിന്ന് നീക്കുന്ന കാര്യത്തില്‍ തീരുമാനമെടുക്കാനാകൂ എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
തീവ്രവാദ സംഘങ്ങള്‍ക്ക് സാമ്പത്തിക സഹായം നല്‍കുന്നവരെ കണ്ടെത്താനും അന്വേഷണം നടത്താനും പാകിസ്താനിലെ നിയമപാലന ഏജന്‍സികള്‍ക്ക് നല്‍കിയ അധികാരങ്ങളിലും ഇത്തരക്കാര്‍ക്കെതിരെ പ്രോസിക്യൂഷനും ഉപരോധ നടപടികളും സ്വീകരിക്കുന്നതിലും പാകിസ്താന്‍ കൈക്കൊണ്ട നടപടികളിലെ പോരായ്മയും എഫ്‌എടിഎഫ് ചൂണ്ടിക്കാട്ടി. 1267 ഭീകരര്‍ക്കെതിരെയും ഇവര്‍ക്ക് വേണ്ടി പ്രവര്‍ത്തിക്കുന്ന 1373 കേന്ദ്രങ്ങള്‍ക്കെതിരെയും ശക്തമായ സാമ്പത്തിക ഉപരോധമേര്‍പ്പെടുത്താനും എഫ്‌എടിഎഫ് ആവശ്യപ്പെട്ടു. ഒരു തരത്തിലും ഇവരുടെ സാമ്പത്തിക ഇടപാടുകള്‍ അനുവദിക്കരുതെന്നും സാമ്പത്തിക കൈമാറ്റവും ധനശേഖരണവും പൂര്‍ണമായി തടയണമെന്നും നിര്‍ദ്ദേശമുണ്ട്.
പാകിസ്താനിലെ ഇമ്രാന്‍ ഖാന്‍ സര്‍ക്കാരിനേറ്റ കനത്ത തിരിച്ചടിയാണ്
ഫിനാന്‍ഷ്യല്‍ ആക്ഷന്‍ ടാസ്ക് ഫോഴ്സിന്റെ തീരുമാനം. 2018 ജൂണിലാണ് പാകിസ്താനെ ഗ്രേ ലിസ്റ്റില്‍ ഉള്‍പ്പെടുത്തിയത്.