അസം – മിസോറാം അതിർത്തിയിൽ ഏറ്റുമുട്ടൽ, നിരവധി പേർക്ക് പരിക്ക്, അർധസൈനികരെ വിന്യസിച്ച് സർക്കാർ

ന്യൂഡല്‍ഹി: അസം- മിസോറം അതിർത്തിയിൽ രൂക്ഷമായ എറ്റുമുട്ടൽ. ഞായറാഴ്ച (18/10/20) കോവിഡ് നിയന്ത്രണങ്ങളുടെ പേരിൽ രണ്ട് സംസ്ഥാനങ്ങളിലെയും ഇരു വിഭാഗങ്ങൾ തമ്മിൽ സംഘർഷം ഉണ്ടാവുകയായിരുന്നു. എറ്റുമുട്ടലിൽ നിരവധി പേർക്ക് പരുക്കേറ്റതായി പൊലീസ് അറിയിച്ചു. നിരവധി വീടുകളും കടകളും അഗ്നിക്കിരയാക്കപ്പെട്ടു. അസ്സമിന്റെ അനുമതിയില്ലതെ മിസോറാം സർക്കാർ അതിർത്തിയിൽ കോവിഡ് പരിശോധനാ കേന്ദ്രം സ്ഥാപിച്ച് നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയതാണ് പ്രശനങ്ങൾക്കു തുടക്കമിട്ടത് എന്നാണ് റിപ്പോർട്ട്.

അസമിലെ കാച്ചർ ജില്ലയിലും മിസോറാമിലെ കോലാസിബ് ജില്ലയിലുമാണ് സംഘർഷം ഉണ്ടായത്. സ്ഥിതിഗതികൾ ഇപ്പോൾ നിയന്ത്രണത്തിലാണ് എന്നതാണ് സൂചന. സംഘർഷ ബാധിത മേഖലകളിൽ അർധ സൈനികരെ വിന്യസിച്ചു. ഇന്ത്യൻ റിസർവ് ബറ്റാലിയനിലെ ഉദ്യോഗസ്ഥരെ മിസോറാമിലെ വൈറെങ്‌ടെ ഗ്രാമത്തിലും അസമിലെ ലൈലാപൂരിലുമാണ് വിന്യസിച്ചത്.

സംഘർഷത്തിൻ്റെ പരിഹാരത്തിന് പ്രധാനമന്ത്രി ഇടപെട്ടിട്ടുണ്ട്. കേന്ദ്ര ആഭ്യന്തര മന്ത്രാലയവും പ്രധാനമന്ത്രിയുടെ ഓഫീസും, രണ്ടു സംസ്ഥാന മുഖ്യമന്ത്രിമാരുമായും സംസാരിച്ചു. കേന്ദ്ര ആഭ്യന്തര സെക്രട്ടറി അജയ് കുമാർ ഭല്ല തിങ്കളാഴ്ച (19/10/20) രണ്ടു സംസ്ഥാനങ്ങളിലെയും ചീഫ് സെക്രട്ടറിമാരുടെ യോഗം വിളിച്ചിട്ടുണ്ട്. മിസോറാം സർക്കാർ തിങ്കളാഴ്ച അടിയന്തിര മന്ത്രിസഭാ യോഗം ചേരും.

Share
അഭിപ്രായം എഴുതാം