ചെന്നൈ: ശ്രീലങ്കന്‍ ക്രിക്കറ്റ് താരം മുത്തയ്യ മുരളീധരന്റെ ജീവിതം പ്രമേയമാക്കിയുള്ള 800 എന്ന സിനിമയ്‌ക്കെതിരായ പ്രതിഷേധം ഉയരുന്നതിനിടെ സിനിമയില്‍ നിന്നു പിന്‍മാറി നടന്‍ വിജയ് സേതുപതി. ചിത്രം ചെയ്യുന്നത് വിജയുടെ കരിയറിന് ഹാനികരമാകുമെന്ന് മുരളീധരന്‍ പറഞ്ഞു. ”തമിഴ്നാട്ടിലെ ഏറ്റവും മികച്ച നടന്‍ താന്‍ കാരണം ഏതെങ്കിലും തരത്തിലുള്ള പ്രശ്നങ്ങള്‍ നേരിടുന്നത് കാണാന്‍ ആഗ്രഹിക്കുന്നില്ല- മുരളീധരന്‍ സോഷ്യല്‍ മീഡിയയില്‍ ഇങ്ങനെ വ്യക്തമാക്കി. മുരളീധരന്റെ പ്രസ്താവനയോട് ”നന്ദി, വിട” എന്ന് വിജയ് ട്വീറ്റ് ചെയ്യുകയായിരുന്നു.ശ്രീലങ്കയിലെ തമിഴ് കൂട്ടക്കൊലയെ മുരളീധരന്‍ ന്യായീകരിച്ചുവെന്നും മഹിന്ദ രജപക്ഷയ്ക്കു അനുകൂല നിലപാടെടുത്തുവെന്നും ആരോപിച്ചായിരുന്നു വിജയ് സേതുപതിക്കെതിരായ പ്രതിഷേധം.
തമിഴ് വിരുദ്ധനായി ചിത്രീകരിക്കുന്നത് വേദനിപ്പിക്കുന്നു. 2009 ജീവിതത്തിലെ ഏറ്റവും നല്ല വര്‍ഷമാണെന്ന തന്റെ പ്രസ്താവന തെറ്റിദ്ധരിക്കപെട്ടു. യുദ്ധത്തിന്റെ എല്ലാ കെടുതികളും അനുഭവിച്ചാണ് താന്‍ വളര്‍ന്നത്. യുദ്ധം തീരുമ്പോള്‍ സന്തോഷമാകുന്നത് സാധാമണല്ലേ. 10 വര്‍ഷമായി ഒരു ജീവനും നഷ്ടമായില്ലെന്നതില്‍ സന്തോഷമുണ്ടെന്നാണ് പറഞ്ഞത്. അത് തമിഴ് കൂട്ടക്കൊലയില്‍ സന്തോഷിക്കുന്നുവെന്ന രീതിയില്‍ പ്രചരിപ്പിക്കുന്നത് വളച്ചൊടിച്ചു. ശ്രീലങ്കന്‍ തമിഴ് വംശജനായ താന്‍ തമിഴരെ കഴിവിന്റെ പരമാവധി സഹായിച്ചിട്ടുണ്ട്. അത് എണ്ണിപ്പറയുന്നത് ശരിയല്ല. പക്ഷേ അതിനായി ഇപ്പോള്‍ നിര്‍ബന്ധിക്കപ്പെടുകയാണ്. ശ്രീലങ്കന്‍ തമിഴനായി ജനിച്ചതാണോ കുറ്റം…? മുത്തയ്യ ചോദിക്കുന്നു.



