വേര്‍പിരിഞ്ഞാലും ഭാര്യയ്ക്ക് ഭര്‍ത്താവിന്റെ വീട്ടില്‍ കഴിയാം

ന്യൂഡല്‍ഹി: വേര്‍പിരിഞ്ഞ് കഴിയുക ആണെങ്കില്‍ കൂടിയും ഭാര്യയ്ക്ക് ഭര്‍ത്താവിന്റെ വീട്ടില്‍ കഴിയാമെന്ന് സുപ്രിം കോടതി. ജസ്റ്റിസ് അശോക് ഭൂഷന്‍, ആര്‍ സുഭാഷ് റെഡ്ഡി, എംആര്‍ ഷാ എന്നിവരടങ്ങിയ ബഞ്ചാണ് വിധി പുറപ്പെടുവിച്ചത്. വേര്‍പിരിഞ്ഞ് കഴിയുന്ന മരുമകളെ ഭര്‍ത്താവിന്റെ വീട്ടില്‍ നിന്ന് പുറത്താക്കാന്‍ ഭര്‍ത്താവിന്റെ വീട്ടുകാര്‍ക്ക് സാധിക്കില്ലെന്നും കോടതി വ്യക്തമാക്കി. ഡല്‍ഹി ഹൈക്കോടതിയുടെ 2019ലെ വിധിക്കെതിരായി സുപ്രിം കോടതിയെ സമീപിച്ച സതീഷ് ചന്ദര്‍ അഹൂജയുടെ അപേക്ഷയിലാണ് സുപ്രിം കോടതി സുപ്രധാന വിധി പുറപ്പെടുവിച്ചിരിക്കുന്നത്. മകനുമായി വിവാഹ മോചന നടപടികള്‍ പുരോഗമിക്കുന്ന മരുമകള്‍ക്ക് വീട്ടില്‍ താമസിക്കാനുളള അവകാശമുണ്ടെന്ന ഡല്‍ഹി കോടതി വിധിക്കെതിരെയാണ് സതീഷ് ചന്ദര്‍ അഹൂജ സുപ്രിം കോടതിയെ സമീപിച്ചത്.

വീട് സ്വന്തമായി സമ്പാദിച്ചതാണെന്നും മകന് ഇതില്‍ അവകാശമില്ലെന്നുമായിരുന്നു ഇയാള്‍ കോടതിയെ അറിയിച്ചത്. ഗാര്‍ഹിക പീഡനം സംബന്ധിച്ച നിയമത്തിലെ പതിനേഴാം സെക്ഷന്‍ അനുസരിച്ചുള്ളതില്‍ ഉള്‍പ്പെടുത്താന്‍ സാധിക്കുന്നതല്ല മകന് വീട്ടില്‍ ഒരു പങ്കുമില്ലെന്നും സ്വത്ത് പൂര്‍ണമായും തന്റേതാണെന്നും അഹുജ വാദിച്ചിരുന്നു. എന്നാല്‍ ഈ വാദം കോടതി തളളുകയായിരുന്നു. പരമ്പരാഗതമായി കൈമാറിക്കിട്ടിയ സ്വത്ത് മാത്രം എല്ലാവര്‍ക്കും അവകാശമുള്ളത് എന്നരീതിയില്‍ പതിനേഴാം സെക്ഷനിലെ 2ാം ക്ലോസിനെ കാണാന്‍ സാധിക്കില്ലെന്ന് കോടതി വ്യക്തമാക്കി. ഗാര്‍ഹിക പീഡനം രാജ്യത്ത് വ്യാപകമാണെന്നും നിരവധി സ്ത്രീകള്‍ ഏതെങ്കിലും രൂപത്തിലോ മറ്റേതെങ്കിലും രീതിയിലോ അക്രമത്തെ നേരിടുന്നുണ്ടന്നും ബെഞ്ച് വ്യക്തമാക്കി.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →