മുംബൈ: മഹാരാഷ്ട്രയിൽ പേമാരിയിൽ മരണമടഞ്ഞവരുടെ എണ്ണം 47 ആയി. കഴിഞ്ഞ നാല് ദിവസമായി മാഹാരാഷ്ട്രയിൽ കനത്ത മഴയാണ് അനുഭവപ്പെടുന്നത്. പൂനെ, ഔറംഗബാദ്, കൊങ്കൺ ഡിവിഷനുകളിലാണ് മഴ കൂടുതൽ ശക്തമായി അനുഭവപ്പെടുന്നത്. വ്യാപക നാശനഷ്ടങ്ങളും പ്രദേശങ്ങളിൽ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. കനത്ത കൃഷിനാശവും ഉണ്ടായിട്ടുണ്ട്. നിരവധി വീടുകൾ തകരുകയും ഗതാഗതം താറുമാറാകുകയും ചെയ്തു.
പൂനെയിലാണ് ഏറ്റവും അധികം കൃഷിനാശം ഉണ്ടായത്. 21,000 പേരെ സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറ്റിയതായി പൂനെ ഡിവിഷണൽ കമ്മീഷണറുടെ ഓഫീസ് അറിയിച്ചു. ദുരിതം അനുഭവിക്കുന്ന സഹോദരീ സഹോദരങ്ങൾക്കായി പ്രാർത്ഥിക്കുന്നുവെന്ന് പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു. ദുരിതാശ്വാസ പ്രവർത്തനങ്ങൾക്ക് ആവശ്യമായ എല്ലാവിധ പിന്തുണയും കേന്ദ്ര സർക്കാരിന്റെ ഭാഗത്ത് നിന്നും ഉണ്ടാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

