ന്യൂഡൽഹി: സ്ത്രീപീഡനക്കേസിലെ പ്രതികൾക്ക് പീഡിപ്പിക്കപ്പെട്ട യുവതികൾ രാഖി കെട്ടി കൊടുക്കണമെന്ന മധ്യപ്രദേശ് ഹൈക്കോടതിയുടെ നിർദേശത്തിനെതിരെയുള്ള ഹർജിയിൽ അറ്റോർണി ജനറലിന്റെ സഹായം തേടി സുപ്രിംകോടതി.
മധ്യപ്രദേശ് ഹൈക്കോടതിയുടെ വിചിത്രമായ ജാമ്യവ്യവസ്ഥയ്ക്കെതിരെ ഒരു കൂട്ടം വനിതാ അഭിഭാഷകരാണ് സുപ്രീംകോടതിയെ സമീപിച്ചത്. സ്ത്രീപീഡനത്തെ നിസാരവൽക്കരിക്കുന്നതാണ് മധ്യപ്രദേശ് ഹൈക്കോടതിയുടെ ജാമ്യവ്യവസ്ഥയെന്നായിരുന്നു ഹർജിക്കാരുടെ വാദം.
പീഡനക്കേസ് പ്രതികളുടെ ജാമ്യവ്യവസ്ഥകൾ സംബന്ധിച്ച് വ്യക്തത വരുത്താനാണ് സുപ്രീം കോടതിയുടെ നീക്കം. ഏതൊക്കെ ജാമ്യവ്യവസ്ഥകൾ ആകാമെന്ന അഭിപ്രായം അറിയിക്കാൻ അറ്റോർണി ജനറൽ കെ.കെ. വേണുഗോപാലിനോട് കോടതി അഭ്യർത്ഥിച്ചു.
പീഡനക്കേസ് പ്രതി അയാളുടെ ഭാര്യയ്ക്കൊപ്പം ഇരയുടെ വീട്ടിൽ മധുരപലഹാരങ്ങളുമായി പോകണമെന്നും, ഇരയോട് രാഖി കെട്ടാൻ അഭ്യർത്ഥിക്കണമെന്നും ഇരയെ സംരക്ഷിക്കുമെന്ന് സത്യം ചെയ്യണമെന്നുമായിരുന്നു മധ്യപ്രദേശ് ഹൈക്കോടതിയുടെ ജാമ്യവ്യവസ്ഥ.
ബലാൽസംഗം പോലുള്ള ഒരു കുറ്റകൃത്യത്തെ വളരെ ലാഘവത്തോടെ കാണാൻ ഇത്തരം ജാമ്യവ്യവസ്ഥകൾ സമൂഹത്തെ പ്രേരിപ്പിക്കുമെന്ന അഭിപ്രായം വിവിധ സ്ത്രീ സംഘടനകൾ നേരത്തേ തന്നെ ഉന്നയിച്ചിരുന്നു. ഇരയുടെ സംരക്ഷണം പ്രതിക്ക് നൽകുന്ന വ്യവസ്ഥ വിചിത്രമാണെന്ന ആക്ഷേപവും ഉയർന്നിരുന്നു.

