ലക്നോ: ഉത്തര്‍പ്രദേശിലെ ബിജെപി നേതാവും മുന്‍ കേന്ദ്രമന്ത്രിയുമായിരുന്ന ചിന്മയാനന്ദ് എംപിക്കെതിരായ ബലാല്‍സംഗക്കേസില്‍ പരാതിക്കാരിയായ വിദ്യാര്‍ഥിനി കോടതിയില്‍ മൊഴിമാറ്റി. അലഹബാദ് ഹൈക്കോടതിയുടെ നിര്‍ദേശപ്രകാരം പ്രത്യേക കോടതിയില്‍ ഹാജരാക്കിയപ്പോഴാണ് 23കാരിയായ നിയമ വിദ്യാര്‍ഥിനി 72കാരിയായ സ്വാമി ചിന്‍മയാനന്ദിനെതിരായ മൊഴിമാറ്റിയത്. മാത്രമല്ല, ചിലരുടെ സമ്മര്‍ദ്ദപ്രകാരമാണ് ചിന്മയാനന്ദിനെതിരേ ബലാല്‍സംഗ പരാതി നല്‍കിയതെന്നും പെണ്‍കുട്ടി കോടതിയില്‍ അറിയിച്ചു. അതേസമയം, പെണ്‍കുട്ടി കൂറുമാറിയെന്ന് പ്രഖ്യാപിക്കണമെന്നും സിആര്‍പിസി സെക്ഷന്‍ 340 പ്രകാരം കേസെടുക്കണമെന്നും ആവശ്യപ്പെട്ട് പ്രോസിക്യൂഷന്‍ കോടതിയെ സമീപിച്ചു.
പെണ്‍കുട്ടിയെ കൂടുതല്‍ വിസ്തരിക്കണമെന്നും ആരുടെ സമ്മര്‍ദ്ദപ്രകാരമാണ് മൊഴി നല്‍കിയതെന്ന് വ്യക്തമാകണമെന്നും പ്രോസിക്യൂഷന്‍ കോടതിയോട് അഭ്യര്‍ഥിച്ചു. ഇതേത്തുടര്‍ന്ന് പ്രോസിക്യൂഷന്റെ അപേക്ഷ രജിസ്റ്റര്‍ ചെയ്യാനും വാദിയുടെയും പ്രതിയുടെയും പുതിയ മൊഴിപ്പകര്‍പ്പുകള്‍ ഹാജരാക്കാനും ജഡ്ജി പി കെ റായ് ആവശ്യപ്പെട്ടു. ഒക്ടോബര്‍ 15ന് വാദം കേള്‍ക്കാനും കോടതി തീരുമാനിച്ചു. ചിന്‍മയാനന്ദിന്റെ ഉടമസ്ഥതയിലുള്ള ഷാജഹാന്‍പുരിലെ നിയമ കോളജിലെ വിദ്യാര്‍ഥിനിയായിരുന്ന പെണ്‍കുട്ടിയാണ് 2019 സപ്തംബര്‍ അഞ്ചിനു ബലാല്‍സംഗ പരാതിയുമായി രംഗത്തെത്തിയത്.

