ലാപാസ് : ലാറ്റിനമേരിക്കന്‍ ലോകകപ്പ് യോഗ്യത റൗണ്ടിലെ രണ്ടാം മത്സരത്തിലും അര്‍ജന്റീനയ്ക്ക് ജയം. ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്കാണ് അര്‍ജന്റീന ബൊളീവിയയെ പരാജയപ്പെടുത്തിയത്. മാര്‍ട്ടിനസ്, കൊറെയ എന്നിവരാണ് അര്‍ജന്റീനയുടെ ഗോള്‍ സ്കോറര്‍മാര്‍. മാര്‍ട്ടിന്‍സ് മൊറേനോ ബൊളിവിയയ്ക്ക് വേണ്ടി ഗോള്‍ നേടി.
2005 നു ശേഷം ഇത് ആദ്യമായാണ് ലാപാസിൽ അര്‍ജന്റീന ജയം കാണുന്നത്. ആദ്യം പിന്നിലായ അര്‍ജന്റീന പിന്നീട് ശക്തമായി തിരിച്ചു വരികയായിരുന്നു. മത്സരത്തിലെ ആദ്യ പകുതിയില്‍ 28 മത്തെ മിനിറ്റില്‍ മാര്‍സെലോ മൊറേനോയിലൂടെ ബൊളീവിയ ആണ് ആദ്യ ഗോൾ നേടിയത്. എന്നാല്‍ ഒന്നാം പകുതി അവസാനിക്കുന്നതിനു തൊട്ട് മുമ്ബ് ലൊട്ടാര മാര്‍ട്ടിനെസ് അര്‍ജന്റീനക്ക് സമനില ഗോള്‍ സമ്മാനിച്ചു. 2016 നു ശേഷം ഇതാദ്യമായാണ് ലയണല്‍ മെസ്സി അല്ലാതെ മറ്റൊരു അര്‍ജന്റീനന്‍ താരം ലോകകപ്പ് യോഗ്യത മത്സരത്തില്‍ ഗോള്‍ നേടുന്നത്. പന്ത് കൂടുതല്‍ സമയം കൈവശം വച്ചത് ബൊളിവിയ ആണെങ്കിലും കൂടുതല്‍ അവസരം തുറന്നത് അര്‍ജന്റീന ആയിരുന്നു. ഇതിന്റെ ഫലം ആയിരുന്നു 79 മത്തെ മിനിറ്റില്‍ ജോക്വിന്‍ കൊറിയ നേടിയ വിജയഗോള്‍. പകരക്കാരന്‍ ആയി ഇറങ്ങിയ കൊറിയ മാര്‍ട്ടിനെസിന്റെ പാസില്‍ നിന്നാണ് ഗോള്‍ കണ്ടത്തിയത്. ലോകകപ്പ് യോഗ്യതയിലെ ആദ്യ രണ്ടു മത്സരങ്ങളും ജയിക്കാനായത് അര്‍ജന്റീനയ്ക്ക് വലിയ ആത്മവിശ്വാസമാണ് നൽകുന്നത്.

