കോവിഡ് ചികിത്സ ആയൂഷ് മന്ത്രാലയത്തിന് കൈമാറാന്‍ തയ്യാറുണ്ടോയെന്ന് ഐഎംഎ

ന്യൂഡല്‍ഹി: കോവിഡ് 19നെ പ്രതിരോധിക്കാന്‍ ആയുര്‍വേദ -യോഗ ചികിത്സാരീതികള്‍ അടിസ്ഥാനമാക്കി മാര്‍ഗ്ഗരേഖ പുറത്തിറക്കിയതില്‍ ഐഎംഎ പ്രതിഷേധം അറിയിച്ചു. കേന്ദ്രം നിര്‍ദ്ദേശിച്ച ആയുഷ് ചികിത്സാവിധികള്‍ക്ക് പരിമിതമായ ശാസ്ത്രീയ തെളിവുകളാണുളളതെന്നും ഈ ചികിത്സാ പദ്ധതികളുടെ ശാസ്ത്രീയവും അനുഭവപരവുമായ തെളിവുകള്‍ കോവിഡ് പ്രതിരോധത്തിന് ആയുര്‍വേദ മരുന്നുകള്‍ നല്‍കാമെന്ന് അവകാശപ്പെടാന്‍ മതിയാകുന്നതല്ലെന്നും കേന്ദ്ര ആരോഗ്യവകുപ്പുമന്ത്രി ഡോക്ടര്‍ ഹര്‍ഷവര്‍ദ്ധനക്ക് എഴുതിയ കത്തില്‍ ഐഎംഎ പറയുന്നു.

കോവിഡ് 19 നെ പ്രതിരോധിക്കാന്‍ ഈ ചികിത്സാ പദ്ധതികള്‍ പ്രകാരം ഏതെങ്കിലും മരുന്നിന് സാധിക്കുമെന്നതിന് തൃപ്തികരമായ തെളിവ് ശാസ്ത്രീയ പരീക്ഷണങ്ങളിലൂടെ ലഭ്യമായിട്ടുണ്ടെങ്കില്‍ അത് നല്‍കണം. അലോപ്പതിയിതര ചികിത്സകള്‍ക്ക് കോവിഡിനെ പ്രിരോധിക്കാനാവുമെന്ന് സര്‍ക്കാരിന് ഉറപ്പുണ്ടെങ്കില്‍ കോവിഡ് ചികിത്സ ആയുഷ് മന്ത്രാലയത്തിന് കൈമാറാന്‍ തയ്യാറുണ്ടോയെന്നും ഐഎംഎ കത്തില്‍ ചോദിച്ചു.

കഴിഞ്ഞ ദിവസം കോവിഡിനെ നേരിടാന്‍ ആയുര്‍വേദവും യോഗയും അടിസ്ഥാനമാക്കിയുളള ചികിത്സാ പ്രോട്ടോക്കോള്‍ കേന്ദ്ര ആരോഗ്യ മന്ത്രി പുറത്തിറക്കിയിരുന്നു. ലക്ഷണങ്ങളുളള രോഗികള്‍ക്കും ലക്ഷണങ്ങളില്ലാത്ത രോഗികള്‍ക്കും സ്വീകരിക്കാവുന്ന ആയുര്‍വേദ മരുന്നുകളേക്കുറിച്ചും ഇതില്‍ പറഞ്ഞിരുന്നു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →