ലൈഫ് മിഷൻ – അധോലോക ഇടപാടെന്ന് സി ബി ഐ

കൊച്ചി: ലൈഫ് മിഷൻ പദ്ധതി അധോലോക ഇടപാടെന്നും പണം വന്നത് ഗൂഢാലോചനയുടെ ഭാഗമായാണെന്നും ഹൈക്കോടതിയിൽ സിബിഐ. പദ്ധതിയുടെ ധാരണാപത്രം മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം ശിവശങ്കര്‍ ഹൈജാക്ക് ചെയ്തെന്നും സിബിഐ ഹൈക്കോടതിയില്‍ കോടതിയില്‍ പറഞ്ഞു.

യൂണിടാക്കിന് കരാര്‍ ലഭിച്ചത് ടെന്‍ഡര്‍ വഴിയാണെന്നത് കളവാണ്. റെഡ് ക്രസന്റില്‍ നിന്ന് കോണ്‍സുലേറ്റിന്റെ അക്കൗണ്ടിലേക്ക് പണം വരികയും അവിടെനിന്ന് യൂണിടാക്കിന് കൈമാറുകയാണ് ചെയ്തത്.

യൂണിടാക്കിന് എല്ലാ സഹായങ്ങളും ചെയ്തുകൊടുക്കാന്‍ ശിവശങ്കര്‍ ലൈഫ് മിഷന്റെ സിഇഒ ആയ യു വി ജോസിനോട് ആവശ്യപ്പെട്ടു. യു വി ജോസ് പ്രതിയാണോ സാക്ഷിയാണോ എന്ന് ഇപ്പോള്‍ പറയാന്‍ സാധിക്കില്ലെന്നും സിബിഐ കോടതിയില്‍ പറഞ്ഞു.

അതേസമയം, ലൈഫ് മിഷന് വിദേശത്തുനിന്ന് പണം ലഭിച്ചിട്ടില്ലെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയില്‍ പറഞ്ഞു. ഇടപാടുകള്‍ എഫ്‌സിആര്‍എ പരിധിയില്‍ വരില്ല. കള്ളപ്പണം വെളുപ്പിക്കലോ, ഹവാലയോ അല്ല. സിബിഐ കോടതിയില്‍ നല്‍കിയതും അപ്ലോഡ് ചെയ്ത എഫ്‌ഐആറും വ്യത്യസ്തമാണെന്നും സര്‍ക്കാര്‍ ചൂണ്ടിക്കാട്ടി.

ലൈഫ് മിഷന്‍ പദ്ധതി മനുഷ്യത്വപരമായ പദ്ധതിയാണ്. ഇതുമായി ബന്ധപ്പെട്ട് സിബിഐ ചുമത്തിയ വകുപ്പുകള്‍ നിലനില്‍ക്കില്ല. ലൈഫ് മിഷന്‍ ഉദ്യോഗസ്ഥരെ സംരക്ഷിക്കേണ്ട ഉത്തരവാദിത്വം സര്‍ക്കാരിനുള്ളതുകൊണ്ടാണ് ഹര്‍ജി നല്‍കിയത്. സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ കൈക്കൂലി വാങ്ങിയിട്ടുണ്ടെങ്കില്‍ അന്വേഷിക്കേണ്ടത് അഴിമതി നിരോധന നിയമം അനുസരിച്ചാണ്. വിജിലന്‍സ് ആ നിലയ്ക്ക് കേസ് അന്വേഷിക്കുന്നുണ്ടെന്നും സംസ്ഥാന സര്‍ക്കാര്‍ കോടതിയില്‍ വാദിച്ചു.

ലൈഫ് പദ്ധതിയുമായി ബന്ധപ്പെട്ട സിബിഐ അന്വേഷണത്തിനെതിരെ സംസ്ഥാന സര്‍ക്കാരും യൂണിടാക് ഉടമയും സമര്‍പ്പിച്ച ഹര്‍ജികളാണ് കേരള ഹൈക്കോടതി പരിഗണിക്കുന്നത്. ഇടപാടുമായി ബന്ധപ്പെട്ട് വിദേശ സംഭാവന നിയന്ത്രണ നിയമ പ്രകാരം രജിസ്റ്റര്‍ ചെയ്ത കേസ് നിലനില്‍ക്കില്ലെന്നതാണ് സംസ്ഥാനത്തിന്റെ പ്രധാന വാദം. വിദേശ സഹായം സ്വീകരിച്ചത് കേന്ദ്ര ചട്ടങ്ങള്‍ ലംഘിച്ചെന്നായിരുന്നു സിബിഐയുടെ കഴിഞ്ഞ ദിവസത്തെ നിലപാട്. അങ്ങനെയെങ്കില്‍ സംസ്ഥാന സര്‍ക്കാര്‍ എങ്ങനെയാണ് എഫ്.സി.ആര്‍.എ നിയമം ലംഘിച്ചതെന്ന് വ്യക്തമാക്കാന്‍ സിബിഐയോട് കോടതി ആവശ്യപ്പെട്ടിട്ടുണ്ട്.

റെഡ് ക്രസന്റും യൂണിടാകും തമ്മിലുള്ള ഇടപാടുകളില്‍ സംസ്ഥാന സര്‍ക്കാരിന് ബന്ധം ഇല്ലെന്ന് സര്‍ക്കാര്‍ അഭിഭാഷകൻ വാദിച്ചു . വടക്കാഞ്ചേരിയിലുള്ള സ്ഥലം ഏറ്റെടുത്തുകൊടുക്കുക മാത്രമാണ് സംസ്ഥാന സര്‍ക്കാര്‍ ചെയ്തത്. റെഡ് ക്രെസന്റാണ് യൂണിടാകിനെ നിയമിച്ചത്. സര്‍ക്കാര്‍ ഭൂമി നല്‍കുക മാത്രമാണ് ചെയ്തത്. ഇക്കാര്യം ബാങ്ക് സ്റ്റേറ്റ്‌മെന്റില്‍ വ്യക്തമാണ്. റെഡ് ക്രെസന്റ് നേരിട്ടാണ് യൂണിടാകിനും സെയ്ന്‍ വെഞ്ച്വേര്‍സിനും പണം നല്‍കിയത്. സർക്കാർ വാദിച്ചു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →