എന്തു ധൈര്യത്തിലാണ് പ്രിയങ്കയോട് ഇങ്ങനെ പെരുമാറിയത് ? യുപി പോലീസിനെതിരെ പൊട്ടിത്തെറിച്ച് ബി ജെ പി വനിതാ നേതാവ്

ലക്‌നൗ : കോണ്‍ഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധിയെ ഉത്തര്‍പ്രദേശിലെ പുരുഷ പൊലിസ് കയ്യേറ്റം ചെയ്ത സംഭവത്തില്‍ ബി.ജെ.പി നേതാവ് ചിത്ര വാഘ് രൂക്ഷ വിമർശനവുമായി രംഗത്ത് .

ഒരു വനിതാ നേതാവിന്റെ വസ്ത്രത്തില്‍ കൈവെക്കാന്‍ യു.പി പൊലിസിന് എങ്ങനെ ധൈര്യം വന്നുവെന്ന് അവര്‍ ചോദിച്ചു. പൊലിസുകാര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കണമെന്നും അവര്‍ മുഖ്യമന്ത്രി യോഗി ആദിത്യ നാഥിനോട് ആവശ്യപ്പെട്ടു മഹാരാഷ്ട്രയിലെ ബി.ജെ.പി വൈസ് പ്രസിഡന്റാണ് ചിത്ര.

പൊലിസുകാര്‍ പ്രവർത്തിക്കേണ്ടത് അവരുടെ പരിധി നോക്കിയാണ്. എന്തു ധൈര്യത്തിലാണ് ഒരു വനിതാ നേതാവിനോട് ഇങ്ങനെ പെരുമാറിയത്. ഇന്ത്യന്‍ സംസ്‌കാരത്തില്‍ വിശ്വസിക്കുന്ന യോഗി ആദിത്യനാഥ് ഇത്തരം പൊലിസുകാര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കണം ചിത്രവാഘ് ട്വിറ്ററിൽ ചോദ്യം ചെയ്തു. പ്രിയങ്കയെ കയ്യേറ്റംചെയ്യുന്ന ചിത്രത്തോടൊപ്പമാണ് ചിത്രയുടെ ട്വീറ്റ് .കഴിഞ്ഞ വര്‍ഷം എന്‍.സി.പി വിട്ട് ബി.ജെ.പിയിലെത്തിയ നേതാവാണ് ചിത്ര വാഘ്.ചിത്രയുടെ നിലപാട് സ്വാഗതാർഹമാണെന്ന്
യൂത്ത് കോണ്‍ഗ്രസ് പറഞ്ഞു. ഹാത്രസിൽ ബലാത്സംഗത്തിനിരയായി മരിച്ചു പെൺകുട്ടിയുടെ കുടുംബത്തെ സന്ദർശിക്കാനുള്ള യാത്രക്കിടെയാണ് യു.പി പൊലിസ് പ്രിയങ്കയെ തടഞ്ഞുവെച്ച് കയ്യേറ്റം ചെയ്തത്. പ്രിയങ്കയുടെ കുര്‍ത്തയില്‍ പിടിച്ച പൊലിസുകാരന്റെ ദൃശ്യം പുറത്തുവന്നതോടെ രാജ്യമൊട്ടാകെ പ്രതിഷേധം അറിയിച്ചിരുന്നു.സംഭവത്തിൽ നോയിഡ പോലീസ് ഖേദപ്രകടനവും നടത്തിയിരുന്നു.

Share
അഭിപ്രായം എഴുതാം