സംസ്ഥാന ബിജെപിയില്‍ ശീത സമരത്തിന് ചൂട് പിടിക്കുന്നു

തിരുവനന്തപുരം: കേന്ദ്ര നിയമനങ്ങളുടെ പേരില്‍ സംസ്ഥാന ബിജെപിയിലെ ശീതസമരം ചൂടുപിടിച്ചു. ഇതോടെ ദേശീയ നിര്‍വാഹക സമിതിയുടെ പുനഃസംഘടന ഉറ്റുനോക്കുന്നതായി മാറി. തദ്ദേശ തെരഞ്ഞെടുപ്പിനായി അരയും തലയും മുറുക്കി രംഗത്തുളള ആര്‍എസ്എസും നിയമനങ്ങളുടെ പേരില്‍ ഇടഞ്ഞു.

വി മുരളീധരന്‍ പക്ഷത്തുളള കെ സുരേന്ദ്രന്‍ പ്രസിഡന്‍റായതോടെ പികെ കൃഷ്ണദാസ് പക്ഷത്തുണ്ടായ അസ്വാരസ്യങ്ങളാണ് വീണ്ടും തലപൊക്കിയത്. എപി അബ്ദുളളക്കുട്ടിയെ ദേശീയ വൈസ് പ്രസിഡന്‍റാക്കിയതും, , ടോം വടക്കനെ വക്താവാക്കിയതും കേരള നേതൃത്വത്തെ ഞെട്ടിച്ചു. കോണ്‍ഗ്രസില്‍ നിന്നുവന്ന ഈ രണ്ടുപേര്‍മാത്രം പരിഗണിക്കപ്പെട്ടപ്പോള്‍ കേരളത്തില്‍ പദവികള്‍ പ്രതീക്ഷിച്ചിരുന്നവര്‍ നിരാശരായി. കുമ്മനം രാജശേഖരന്‍ വീണ്ടും തഴയപ്പെട്ടതാണ് ആര്‍എസ്എസിനെ ചൊടിപ്പിച്ചത്.

മിസോറാം ഗവര്‍ണ്ണര്‍ പദവി കുമ്മനം മുന്‍കയ്യെടുത്ത് ഒഴിഞ്ഞതിനോട് ബിജെപി കേന്ദ്രന്തൃത്വത്തിലെ അതൃപ്തി തീര്‍ന്നട്ടില്ലെന്ന സന്ദേഹം ഇതുയര്‍ത്തി. കുമ്മനം, പികെ കൃഷ്ണദാസ്, ശോഭ സുരേന്ദ്രന്‍ എന്നിവരെ ദേശീയ തലത്തിലേക്ക് പരിഗണിക്കണമെന്ന ആവശ്യം കേരളത്തില്‍ ശക്തമാണ്. കൃഷ്ണദാസ് പക്ഷത്തെ എഎന്‍ രാധാകൃഷ്ണന്റെ പേരും ചര്‍ച്ചയിലുണ്ട്. സംസ്ഥാന പ്രസിഡന്‍റ് സ്ഥാനം നോട്ടമിട്ടിരുന്ന ശോഭാ സുരേന്ദ്രന്‍ കോര്‍കമ്മറ്റിയില്‍ നിന്ന് ഒഴിവാക്കപ്പെട്ടതോടെ അവര്‍ സജീവ രാഷ്ട്രീയത്തില്‍ നിന്ന് വിട്ടുനില്‍ക്കുകയാണ്. ഇത് പാര്‍ട്ടി നേതൃത്വത്തെ അമ്പരപ്പിലാക്കി. കോര്‍കമ്മറ്റി കേരളത്തില്‍ രൂപീകരിച്ചതല്ലെന്നും കേന്ദ്ര നേതൃത്വം നിയോഗിച്ചതാണെന്നും സംസ്ഥാന നേതൃത്വം വിശദീകരിക്കുന്നു.

എന്നാല്‍ മഹിളാമോര്‍ച്ച ദേശീയ ഭാരവാഹിത്വത്തിലേക്ക ശോഭയെ പരിഗണിക്കുമെന്നാണ് സൂചന. ദേശീയ നിര്‍വാഹക സമിതിയില്‍ അവര്‍ തുടരുമോ എന്നതും ആകാംക്ഷ ഉയര്‍ത്തുന്നു. നേതൃത്വത്തിലെ ഇത്തരത്തിലുളള പടല പിണക്കങ്ങള്‍ സമര മുഖങ്ങളിലും , തദ്ദേശ തെരഞ്ഞെടുപ്പുകളിലും പര്‍ട്ടിയെ ബാധിക്കാതിരിക്കാനുളള നടപടികള്‍ വേണമെന്ന് കെ സുരേന്ദ്രന്‍ കേന്ദ്ര നേതാക്കളോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നാണ് വിവരം. തദ്ദേശ തെരഞ്ഞെടുപ്പിലെ ആറായിരത്തോളം വാര്‍ഡുകള്‍ കേന്ദ്രീകരിച്ചുളള പ്രവര്‍ത്തനങ്ങള്‍ പാര്‍ട്ടി ആരംഭിച്ചിട്ടുളളതായും പാര്‍ട്ടിക്ക് പുറത്തുളള ജനസമ്മതരെ സ്ഥാനാര്‍ത്ഥികളാക്കാനുളള ശ്രമവും തുടങ്ങി.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →