തിരുവനന്തപുരം: ജീവകാരുണ്യ പ്രവർത്തനങ്ങൾക്കായി യുഎഇ കോൺസുലേറ്റിന്റേതായി തുടങ്ങിയ സമാന്തര അക്കൗണ്ടിലൂടെ സ്വപ്‌ന സുരേഷും സംഘവും എത്തിച്ച 58 കോടി രൂപയെ കുറിച്ച് എന്‍ഫോഴ്‌സ്‌മെന്‍റ് ഡയറക്ടറേറ്റ് (ഇഡി) അന്വേഷണം വിപുലമാക്കി. ഈ അക്കൗണ്ടിലാണ് വിവാദ ലൈഫ് മിഷന്‍ പദ്ധതിക്കുളള റെഡ്ക്രസന്‍റിന്‍റെ 20 കോടിയുടെ സഹായമെത്തിയത്. ഈ പണം ആര്‍ക്കൊക്കെ ലഭിച്ചെന്നാണ് ഇഡി അന്വേഷിക്കുന്നത്.
കോണ്‍സുലേറ്റിന്‍റെ ആറ് അക്കൗണ്ടുകളാണ് കരമനയിലെ ഒരു ബാങ്കിലുളളത്. അതില്‍ ഒരെണ്ണം കോണ്‍സുലേറ്റിലെ ചെലവുകള്‍ക്ക് യുഎഇയില്‍ നിന്ന് പണമെത്തുന്നതാണ്. രണ്ടാമത്തെ അക്കൗണ്ടാണ് ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കായി തുറന്നത്. വ്യാജ രേഖകള്‍ ഉപയോഗിച്ചാണ് ഇത് തുറന്നതെന്നാണ് സംശയം. ബാക്കി നാല് അക്കൗണ്ടുകളാണ് കോണ്‍സുലേറ്റിന്‍റെ ഇവിടെയുളള ക്രയവിക്രയങ്ങള്‍ക്കുപയോഗിക്കുന്നത് . വിദേശത്തുനിന്നും വരുന്ന പണം ഈ അക്കൗണ്ടുകളിലേക്ക് മാറ്റി അതില്‍ നിന്നാണ് മറ്റാവശ്യങ്ങള്‍ക്ക് നല്‍കിയിരുന്നത്. റെഡ് ക്രസന്‍റിന്‍റെ പണം ലൈഫ് മിഷനുവേണ്ടി യൂണിടാക്കിന് നല്‍കിയത് അങ്ങനെയാണ്.
20 കോടിയില്‍ 14.5 കോടി യൂണിടാക്കിനും ബാക്കി പല സംഘടനകള്‍ക്കുമായി കൈമാറി. ഇതിന്‍റെ രേഖകള്‍ ഇ.ഡി ശേഖരിച്ചു. ഇതേബാങ്കില്‍ സ്വപ്‌നക്ക് സ്വാകാര്യ അക്കൗണ്ട് ഉണ്ട്. 2020 ജൂണ്‍ 26 ന് ഈ അക്കൗണ്ടില്‍ 8 ലക്ഷം രൂപ നിക്ഷേപിച്ചിട്ടുണ്ട്. ഇത് പലിശ സഹിതം 8.4 ലക്ഷം രൂപയായി . ലോക്കറും സ്വപ്‌ന തുറന്നിരുന്നു.

