കണ്ണൂർ: ദുബായ് വിലക്കിയ ലാബ് ആണെന്ന് അറിയാതെ കോവിഡില്ലാ സർട്ടിഫിക്കറ്റുമായി ചെന്ന യാത്രക്കാരുടെ വിമാന യാത്ര മുടങ്ങി. ഐ സി എം ആർ അംഗീകാരം നൽകിയ ഈ ലാബുകളിൽ നിന്നുള്ള ടെസ്റ്റ് റിപ്പോർട്ട് അംഗീകരിക്കില്ലെന്ന് ദുബായ് അധികൃതരുടെ അറിയിപ്പ് എയർ ഇന്ത്യ, സ്പൈസ് ജെറ്റ് അധികൃതർ യാത്രക്കാരെ അറിയിച്ചിരുന്നില്ല. ഈ വിവരം അറിയാതെ ദുബായ് അധികൃതർ അംഗീകാരം നൽകാത്ത മൈക്രോ ഹെൽത്ത് ലാബിൽ നിന്നും കോവിഡില്ലാ സർട്ടിഫിക്കറ്റ് വാങ്ങി യാത്ര ചെയ്യാൻ കോഴിക്കോട് വിമാനത്താവളത്തിലെത്തിയവരുടെ 110 യാത്രക്കാരുടെ യാത്ര നിഷേധിച്ചു. 27-09-2020 രാത്രി സ്പൈസ് ജെറ്റ് യാത്ര ചെയ്യാൻ എത്തിയവരായിരുന്നു ഇവർ. രാവിലെ വരെ വിമാനത്താവളത്തിൽ നിന്ന് പ്രതിഷേധിച്ചിട്ടും ഒരു കാര്യവും ഉണ്ടായില്ല. 28-09-2020 ഉച്ചയ്ക്ക് മൂന്ന് മണിക്ക് കണ്ണൂരിൽ നിന്നും പുറപ്പെടാൻ ഇരുന്ന എയർ ഇന്ത്യ എക്സ്പ്രസ് വിമാനത്തിലും ഇതു തന്നെ ആവർത്തിച്ചു. നൂറോളം യാത്രക്കാർക്കാണ് ഇവിടെ നിന്ന് യാത്ര മുടങ്ങിയത്.
ഇന്ത്യയിൽ നിന്നും കോവിഡ് ടെസ്റ്റ് പോസിറ്റീവ് ആണെന്ന സർട്ടിഫിക്കറ്റുമായി യാത്ര ചെയ്ത രണ്ട് യാത്രികർക്ക് ദുബായിലെ പരിശോധനയിൽ കോവിഡ് പോസിറ്റീവ് ആണെന്ന് തെളിഞ്ഞിരുന്നു. ഇതിനെ തുടർന്ന് വന്ദേഭാരത് ദൗത്യത്തിന് ഭാഗമായുള്ള എയർഇന്ത്യ വിമാനങ്ങൾക്ക് ദുബായി വിലക്കേർപ്പെടുത്തിയിരുന്നു. പിന്നീട് വ്യോമയാന മന്ത്രാലയം നടത്തിയ ചർച്ചയ്ക്കൊടുവിൽ സർവീസ് പുനരാരംഭിച്ചപ്പോൾ ദുബായ് മന്ത്രാലയം ചില നിർദ്ദേശങ്ങൾ വച്ചിരുന്നു.
ഇന്ത്യയിലെ 4 ലാബുകളിൽ നിന്ന് കോവിഡ് നെഗറ്റീവ് പരിശോധന റിപ്പോർട്ട് അംഗീകരിക്കില്ലെന്ന് ആയിരുന്നു ഒരു നിർദ്ദേശം. ജയ്പൂരിലെ സൂര്യം ലാബ്, കേരളത്തിലെ മൈക്രോ ഹെൽത്ത് ലാബ്, ഡൽഹിയിലെ ഡോക്ടർ പി ഭാസിൻ പാത്തോ ലാബ്സ് ലിമിറ്റഡ്, നോബൽ ഡയഗ്നോസ്റ്റിക് സെൻറർ എന്നിവിടങ്ങളിൽനിന്നുള്ള ആർടി പിസിആർ പരിശോധനാഫലം ദുബായി അംഗീകരിക്കില്ലെന്ന് പറഞ്ഞു. അതോറിറ്റി നിർദേശങ്ങൾ പാലിച്ച് അംഗീകൃത ലാബുകളിലെ നിന്നുള്ള നെഗറ്റീവ് പരിശോധനാഫലം സമർപ്പിക്കണം എന്നുള്ളതാണ് മറ്റൊരു നിർദ്ദേശം. ഫ്ലൈ ദുബായ് എയർലൈൻസും സമാനമായ അറിയിപ്പ് നൽകിയിട്ടുണ്ട്. യുവർ ഹെൽത്ത് അംഗീകരിച്ച ലാബുകളിൽ നിന്നുള്ള കോവിഡ് പി സി ആർ നെഗറ്റീവ് സർട്ടിഫിക്കറ്റുകൾ മാത്രമേ അംഗീകരിക്കുകയുള്ളൂ എന്ന ദുബായ് സിവിൽ അതോറിറ്റി അധികൃതർ അറിയിച്ചിരുന്നു.

