ഭോപ്പാല്‍: മറ്റൊരു സ്ത്രീയുമായുള്ള ബന്ധം പിടികൂടിയ ഭാര്യയെ ക്രൂരമായി മര്‍ദിച്ച മധ്യപ്രദേശിലെ ഐ.പി.എസ്. ഉദ്യോഗസ്ഥനെ അറസ്റ്റ് ചെയ്യാതെ നടപടി സസ്‌പെന്‍ഷനില്‍ ഒതുക്കി പോലിസ്. ഡി.ജി.പി. റാങ്കിലുള്ള ഐ.പി.എസ്. ഉദ്യോഗസ്ഥനായ പുരുഷോത്തം ശര്‍മ്മയാണ് ഭാര്യയെ മര്‍ദിച്ചത്. ഇതിന്റെ ദൃശ്യങ്ങള്‍ വ്യാപകമായി സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചിരുന്നു. പുരുഷോത്തം ശര്‍മ്മ ഭാര്യയെ മര്‍ദിച്ച് നിലത്തേക്ക് തള്ളിയിടുന്നതും വീണ്ടും മര്‍ദിക്കുന്നതുമാണ് ദൃശ്യങ്ങളിലുണ്ടായിരുന്നത്. സംഭവസമയം വീട്ടിലുണ്ടായിരുന്ന മറ്റു രണ്ട് പേര്‍ പുരുഷോത്തം ശര്‍മ്മയെ തടയാന്‍ ശ്രമിക്കുന്നതും ദൃശ്യങ്ങളിലുണ്ടായിരുന്നു. സംഭവത്തില്‍ വിശദമായ അന്വേഷണം ആരംഭിച്ചതായും സര്‍ക്കാര്‍ അറിയിച്ചു.
അതേസമയം, കത്തിയുമായി തന്നെ ആക്രമിക്കാന്‍ എത്തിയപ്പോഴാണ് ഭാര്യയെ മര്‍ദ്ദിച്ചതെന്നാണ് പുരുഷോത്തം ശര്‍മ്മയുടെ പ്രതികരണം. വര്‍ഷങ്ങളായി താനും ഭാര്യയും രണ്ട് മുറികളിലായാണ് താമസിക്കുന്നത്. അക്രമം ഒരിക്കലും തന്റെ രീതിയല്ല. പക്ഷേ, ഒരാള്‍ കത്തിയുമായി ആക്രമിക്കാന്‍ എത്തിയാല്‍ താന്‍ എന്തുചെയ്യുമെന്നും അദ്ദേഹം ചോദിച്ചു. കുടുംബ പ്രശ്‌നമാണിത്. വീട്ടില്‍ ഇത്തരത്തിലുള്ള സംഭവങ്ങള്‍ അരങ്ങേറിയത് ദൗര്‍ഭാഗ്യകരമാണ്. തന്നെ പിന്തുടരുന്നതാണ് അവളുടെ രീതി. അഞ്ച് വര്‍ഷം മുമ്പ് ഭാര്യ വിവാഹമോചനത്തിന് അപേക്ഷ നല്‍കിയിരുന്നു. എന്നിട്ടും അവള്‍ തന്റെ വീട്ടില്‍ തന്നെ താമസം തുടരുകയാണെന്നും എന്തുകൊണ്ടാണ് വീട്ടില്‍നിന്ന് പോകാത്തതെന്നുമാണ് ഐ.പി.എസ്. ഉദ്യോഗസ്ഥന്റെ ചോദ്യം.

