ന്യൂഡല്‍ഹി: പുതിയ കാര്‍ഷിക നിയമത്തിന്റെ ഭരണഘടനാ സാധുത ചോദ്യം ചെയ്ത് കേരളത്തില്‍ നിന്നുള്ള കോണ്‍ഗ്രസ് എംപി ടിഎന്‍ പ്രതാപന് സുപ്രീംകോടതിയെ സമീപിച്ചു. പ്രൈസ് അഷ്വറന്‍സ്, ഫാം സര്‍വീസസ് ആക്റ്റ് 2020 ലെ കര്‍ഷക (ശാക്തീകരണ സംരക്ഷണ) കരാര്‍ ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 14, 15, 21 ലംഘിക്കുന്നതാണെന്ന് അദ്ദേഹം ആരോപിച്ചു. അതേസമയം, പഞ്ചാബ് സര്‍ക്കാരും വിഷയത്തില്‍ കോടതിയെ സമീപിക്കും. കേന്ദ്ര സര്‍ക്കാര്‍ കൊണ്ടുവന്ന പുതിയ കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ പഞ്ചാബ് സര്‍ക്കാര്‍ സുപ്രീം കോടതിയെ സമീപിക്കുമെന്ന് മുഖ്യമന്ത്രി അമരീന്ദര്‍ സിങാണ് വ്യക്തമാക്കിയത്. കൃഷി സംസ്ഥാന വിഷയമാണെന്നിരിക്കെ തങ്ങളോട് ആലോചിക്കാതെ കര്‍ഷക ബില്ലുകള്‍ പാസാക്കിയ നടപടി ഭരണഘടനാ വിരുദ്ധമാണെന്ന് അദ്ദേഹം പറഞ്ഞു.
പുതിയ കാര്‍ഷിക നിയമങ്ങള്‍ കര്‍ഷകരുടെ നാശത്തിന് വഴിതെളിക്കും. അതിനാല്‍, വിഷയം അവഗണിക്കാനാവില്ല. കാര്‍ഷിക ബില്ലുകള്‍ക്ക് രാഷ്ട്രപതി അനുമതി നല്കിയ പശ്ചാത്തലത്തില്‍ വിഷയം സുപ്രീം കോടതിയിലെത്തിക്കും. കര്‍ഷകരുടെ ക്ഷേമത്തിനായി പഞ്ചാബ് സര്‍ക്കാര്‍ ഏതറ്റംവരെയും പോകും. ഡല്‍ഹിയില്‍നിന്ന് രണ്ട് അഭിഭാഷകര്‍ സംസ്ഥാനത്ത് എത്തുന്നുണ്ടെന്നും അവരുമായി വിഷയം ചര്‍ച്ച ചെയ്യുമെന്നും സിങ് പറഞ്ഞു. എല്ലാവരും രാഷ്ട്രീയം മാറ്റിവച്ച് കര്‍ഷകര്‍ക്കുവേണ്ടി നിലപാട് സ്വീകരിക്കണം. നിയമ പോരാട്ടംതന്നെ നടത്തേണ്ടതുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

