ന്യൂഡല്‍ഹി: 2290 കോടി രൂപയുടെ ആയുധസംഭരണത്തിന് പ്രതിരോധ അക്വസേഷന്‍ കൗണ്‍സില്‍ (ഡിഎസി) അനുമതി നല്‍കി. പ്രതിരോധമന്ത്രി രാജ്നാഥ് സിങ്ങിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന ഡിഎസി യോഗത്തില്‍ മൂന്ന് സേനാമേധാവികളും ചീഫ് ഓഫ് ഡിഫന്‍സ് സ്റ്റാഫ് ജനറല്‍ ബിപിന്‍ റാവത്തും പങ്കെടുത്തു. 2290 കോടിയുടെ ആയുധങ്ങള്‍ വാങ്ങുന്നതിനു പുറമെ പുതിയ പ്രതിരോധ ഏറ്റെടുക്കല്‍ പ്രക്രിയക്കും (ഡിഎപി 2020) സമിതി അംഗീകാരം നല്‍കി.
അമേരിക്കയില്‍നിന്ന് 72,000 സിഗ് സോര്‍ അസോള്‍ട്ട് റൈഫിളുകള്‍ വാങ്ങുന്നതിന് 780 കോടി രൂപ അനുവദിച്ചിട്ടുണ്ട്.കരസേനയുടെയും വ്യോമസേനയുടെയും ആവശ്യത്തിനായി 40 കോടി രൂപ മുതല്‍മുടക്കില്‍ വാര്‍ത്താവിനിമയത്തിനായി റേഡിയോസെറ്റുകള്‍ വാങ്ങും.സ്റ്റാറ്റിക് ഹൈഫ്രീക്വന്‍സി ടാന്‍സ് റിസീവര്‍ സെറ്റുകളും സ്മാര്‍ട്ട് ആന്റിഎയര്‍ഫീല്‍ഡ് ആയുധങ്ങളും വാങ്ങും. നാവികസേനയ്ക്കും വ്യോമസേനയ്ക്കുമായി 970 കോടി രൂപ മുതല്‍മുടക്കി സ്മാര്‍ട്ട് ആന്റിഎയര്‍ഫീല്‍ഡ് ആയുധങ്ങളും വാങ്ങും. വിവാദമായ റഫേല്‍ ഇടപാടുമായി ബന്ധപ്പെട്ടുള്ള ‘ഓഫ്‌സെറ്റ്’ മാനദണ്ഡം പുതുക്കിയ സംഭരണപ്രക്രിയയില്‍ ഒഴിവാക്കി. 300 കോടി രൂപയ്ക്കു മേലെയുള്ള പ്രതിരോധ സംഭരണമുണ്ടാകുമ്പോള്‍ പങ്കാളിയാകുന്ന വിദേശകമ്പനി ആകെ കരാര്‍ത്തുകയുടെ 30 ശതമാനം ഇന്ത്യയില്‍ നിക്ഷേപിക്കണമെന്നതാണ് ‘ഓഫ്സെറ്റ്’ നയം.

