മലപ്പുറം :തദ്ദേശ സ്ഥാപനങ്ങളുടെ സേവനങ്ങള്‍ സമയബന്ധിതവും സുതാര്യവുമാക്കുന്നതിന്‍റെ ഭാഗമായി ജില്ലയിലെ 11 പഞ്ചായത്തുകള്‍ ഇന്‍റലിജന്‍റ് ഇ ഗവേണന്‍സിലേക്ക്. ആദ്യഘട്ടത്തില്‍ മൂത്തേടം, മമ്പാട് ,നന്നമ്പ്ര., കീഴുപറമ്പ്, പോരൂര്‍, എആര്‍നഗര്‍, തലക്കോട് ചെറിയമുണ്ടം ,മക്കരപ്പറമ്പ്, നന്നംമുക്ക്, കുറുവ തുടങ്ങി 11 ഗ്രാമ പഞ്ചായത്തുകളിലാണ് പദ്ധതി നടപ്പിലാക്കുന്നത്.
പഞ്ചായത്തുകളില്‍ നിന്നും ലഭ്യമാകുന്ന 200 ലധികം സേവനങ്ങളുമായി ബന്ധപ്പെട്ട അപേക്ഷകളും പരാതികളും അപ്പീലുകളും നിര്‍ദ്ദേശങ്ങളുമാണ് ഓണ്‍ലൈനായി സമര്‍പ്പിക്കാന്‍ കഴിയുക. സോഫ്റ്റ് വെയറില്‍ രജിസ്റ്റര്‍ ചെയ്യുമ്പോള്‍ ലഭ്യമാകുന്ന യൂസര്‍ ലോഗിന്‍ വഴിയോ, അക്ഷയ കേന്ദ്രങ്ങള്‍ മുഖേനയോ പൊതുജനങ്ങള്‍ക്ക് അപേക്ഷ കള്‍ അയക്കാം. പഞ്ചായത്തുകളിലെ ഫ്രണ്ട് ഓഫീസുകള്‍ മുഖേനയും അപേക്ഷകള്‍ നല്കാനാകും.
അപേക്ഷകളില്‍ അപാകതകള്‍ ഉണ്ടെങ്കില്‍ അത് സംബന്ധിച്ച അറിയിപ്പുകളും പുതിയ സംവിധാനത്തിലൂടെ അപേക്ഷകന് ലഭ്യമാവും. അപേക്ഷയില്‍ നടപടികള്‍ പൂര്‍ത്തിയാകുന്ന മുറയ്ക്ക് എസ്എംഎസ് വഴി അറിയിപ്പുകള്‍ ലഭിക്കും. കോവിഡ് പാശ്ചാത്തലത്തില്‍ വീട്ടിലിരുന്ന് ജോലി ചെയ്യുന്ന ജീവനക്കാര്‍ക്ക് അപേക്ഷകളില്‍ നടപടികള്‍ സ്വീകരിക്കാനാവുമെന്ന പ്രത്യേകതയും ഉണ്ട്.
ഓരോസേവനത്തിനും അപേക്ഷിക്കുമ്പോള്‍ നല്‍കേണ്ട രേഖകള്‍ സം ബന്ധിച്ചുളള വിവരവും സൈറ്റില്‍ ലഭ്യമാവും. ആവശ്യമായ രേഖകള്‍ ഓണ്‍ലൈനില്‍ തന്നെ സമര്‍പ്പിക്കാനുളള സൗകര്യവും ഉണ്ട്. അപേക്ഷ സ്വീകരിച്ചതിന്‍റെ രസീതും ഫീസ് നല്‍കിയതിന്‍റെ രസീതും സേവനം എന്ന് ലഭിക്കുമെന്ന വിവരവും ഓണ്‍ലൈനില്‍ തന്നെ ലഭ്യമാകും.

