ന്യൂഡല്‍ഹി: ഇന്ത്യയും ശ്രീലങ്കയും തമ്മിലുള്ള ബുദ്ധ സാംസ്‌കാരിക ബന്ധം പ്രോത്സാഹിപ്പിക്കുന്നതിന് 15 മില്യണ്‍ ഗ്രാന്റ് സഹായം പ്രഖ്യാപിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി ഉത്തര്‍പ്രദേശിലെ കുശിനഗറിലേക്ക് ബുദ്ധ തീര്‍ഥാടകരുടെ ഒരു സംഘത്തിന്റെ സന്ദര്‍ശനത്തിന് ഇന്ത്യ സൗകര്യമൊരുക്കുമെന്നും അദ്ദേഹം പറഞ്ഞു. പ്രധാനമന്ത്രി നരേന്ദ്രമോദിയും, ശ്രീലങ്കന്‍ പ്രധാനമന്ത്രി മഹിന്ദ രജപക്സെയും വീഡിയോ കോണ്‍ഫറന്‍സിങ് വഴിയാണ് സംസാരിച്ചത്.
ശ്രീലങ്കയുമായുള്ള ബന്ധം ആയിരകണക്കിന് വര്‍ഷം മുമ്പെ തുടങ്ങിയതെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. ശ്രീലങ്കയുമായുള്ള സഹകരണത്തിന് ഇന്ത്യ വലിയ പ്രാധാന്യം നല്‍കുന്നുണ്ടെന്നും വെര്‍ച്ച്വല്‍ ഉഭയകക്ഷി ചര്‍ച്ചയില്‍ പ്രധാനമന്ത്രി കൂട്ടിച്ചേര്‍ത്തു. കൊവിഡ് പ്രതിരോധത്തില്‍ മറ്റ് രാജ്യങ്ങള്‍ക്ക് വേണ്ടിയും നിലകൊണ്ട ഇന്ത്യയെ പ്രകീര്‍ത്തിക്കുന്നുവെന്ന് പ്രധാനമന്ത്രി മഹിന്ദ രജപക്‌സെയും പ്രതികരിച്ചു.
ശ്രീലങ്കന്‍ തെരഞ്ഞെടുപ്പില്‍ ഭരണകക്ഷിയുടെ വിജയത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ആശംസ അറിയിച്ചു. തെരഞ്ഞെടുപ്പ് വിജയം ഇരു രാജ്യങ്ങളും തമ്മിലുള്ള സഹകരണത്തെ സഹായമാകുമെന്നും പ്രധാനമന്ത്രി കൂട്ടിച്ചേര്‍ത്തു. ശ്രീലങ്കയുമായുള്ള ബന്ധത്തിന് ഇന്ത്യ മുന്‍ഗണന നല്‍കുന്നുവെന്നും മോദി പറഞ്ഞു. പ്രതിരോധവും വാണിജ്യ ബന്ധങ്ങളും കൂടുതല്‍ ശക്തിപ്പെടുത്താനുള്ള നിര്‍ദേശങ്ങള്‍, നിരവധി പ്രധാന മേഖലകളില്‍ നിലവിലുള്ള സഹകരണം വിപുലീകരിക്കുക തുടങ്ങിയ നിരവധി വിഷയങ്ങളില്‍ ഇരു നേതാക്കളും ചര്‍ച്ച നടത്തി