ആലപ്പുഴ മെഡിക്കല്‍ കോളജില്‍ സി കാററഗറിക്കാരെ പ്രവേശിപ്പിക്കും; കൂടുതല്‍ ഓക്‌സിജന്‍ സൗകര്യമുള്ള ആംബുലന്‍സുകള്‍ നല്‍കും

ആലപ്പുഴ: കോവിഡ് ബാധിതരില്‍ സങ്കീര്‍ണമായ സ്ഥിതിയിലുള്ള രോഗികളെ മാത്രം മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിക്കുന്നതിന് നടപടി സ്വീകരിക്കാന്‍ ജില്ല കളക്ടര്‍ എ.അലക്‌സാണ്ടര്‍ നിര്‍ദ്ദേശം നല്‍കി. മെഡിക്കല്‍ കോളജിലെ വെന്റിലേറ്റര്‍ ഉള്‍പ്പടെയുള്ള സൗകര്യങ്ങള്‍ ഗുരുതരാവസ്ഥയിലുള്ള രോഗികള്‍ക്ക് ഉറപ്പാക്കുന്നതിനാണ് നടപടി. സി കാറ്റഗറിയിലുള്ള രോഗികളെയും ബി കാറ്റഗറിയില്‍ അടിയന്തിര പരിഗണന അര്‍ഹിക്കുന്നവരെയുമാണ് മെഡിക്കല്‍ കോളേജില്‍ പരിഗണിക്കുക. മെഡിക്കല്‍ കോളജിലെ കോവിഡ് രോഗികളുടെ സൗകര്യങ്ങള്‍ വിലയിരുത്തുന്നതിന് സൂപ്രണ്ട്, പ്രിന്‍സിപ്പാള്‍, ജില്ല മെഡിക്കൽ ഓഫീസര്‍ എന്നിവരുമായി കളക്ടര്‍ വീഡിയോ കോണ്‍ഫ്രന്‍സ് നടത്തി. നിലവില്‍ മെഡിക്കല്‍ കോളജില്‍ കാര്യമായ ശാരീരിക പ്രശ്‌നങ്ങളില്ലാത്ത കോവിഡ് രോഗികളെ അടുത്തുള്ള സി.എഫ്.എല്‍.ടി.സികളിലേക്ക് മാറ്റുന്ന കാര്യം പരിശോധിക്കാന്‍ സൂപ്രണ്ടിനെയും പ്രിന്‍സിപ്പലിനെയും ചുമതലപ്പെടുത്തി. ഇത്തരത്തില്‍ ബണ്ടുകള്‍ ഒഴിച്ചിടുന്നതിലൂടെ അടിയന്തിര പരിചരണം ആവശ്യമുള്ള കോവിഡ് രോഗികളെ പുറത്തുനിന്ന് എത്തിച്ചാല്‍ അഡ്മിററ് ചെയ്യാന്‍ സാധിക്കുമെന്ന് യോഗം വിലയിരുത്തി. ഗുരുതര പ്രശ്‌നങ്ങളില്ലാത്തവരെ ഇത്തരത്തില്‍ സി.എഫ്.എല്‍.ടി.സികളില്‍ പ്രവേശിപ്പിക്കുന്നത് ഡി.എം.ഓ നടപടിയെടുക്കും. കേസുകള്‍ കൂടുന്ന സാഹചര്യം കൂടി പരിഗണിച്ചാണ് നടപടി. സെക്കന്‍ഡ് ലൈന്‍ ട്രീറ്റ് മെന്റ് സെന്ററുകളായി അരൂര്‍, കാമലോട്ട്, പുന്നപ്ര, മാധവ, സെഞ്ചുറി എന്നിവിടങ്ങളില്‍ സജ്ജീകരണങ്ങള്‍ ഒരുക്കുന്നതിന് നടപടി സ്വീകരിക്കും. ഈ ഒരുക്കങ്ങള്‍ രണ്ടുദിവസത്തിനകം പൂര്‍ത്തിയാക്കണമെന്ന് കളക്ടര്‍ പറഞ്ഞു. ബ്ലോക്കുകളിലെ സി.എഫ്.എല്‍.ടി.സികള്‍ക്കായി ഓക്‌സിജന്‍ സൗകര്യമുള്ള ഒരു ആംബുലന്‍സ് സൗകര്യം ഒരുക്കുന്നതിന് നടപടി സ്വീകരിക്കും. കൂടാതെ അഡ്വാന്‍സ് ലൈഫ് സപ്പോര്‍ട്ട് (എ.എല്‍.എസ്) ആംബുലന്‍സുകളും സജ്ജീകരിക്കും. മെഡിക്കല്‍ കോളജില്‍ ചൂടുവെള്ളം രോഗികള്‍ക്ക് ലഭ്യമാക്കുന്നതിന് നടപടിയെടുക്കാന്‍ അധികൃതര്‍ക്ക് നിര്‍ദ്ദേശം നല്‍കി. സോളാര്‍ ഹീറ്ററിന്റെ നിലവിലെ പ്രശ്‌നങ്ങള്‍ പരിഹരിക്കും. ആവശ്യമെങ്കില്‍ വെളളം ചൂടാക്കുന്നതിന് ഹീറ്ററുകള്‍ തയ്യാറാക്കാനും നിര്‍ദ്ദേശിച്ചിട്ടുണ്ട്. ഡി.എം.ഓ എല്‍. അനിതകുമാരി, മെഡിക്കല്‍ കോളജ് പ്രിന്‍സിപ്പാള്‍ ഡോ.ആര്‍.വി.രാംലാല്‍, പ്രിന്‍സിപ്പാള്‍ ഡോ എം.ടി. വിജയലക്ഷ്മി , ബന്ധപ്പെട്ട ഡോക്ടര്‍മാര്‍ എന്നിവര്‍ യോഗത്തില്‍ സംബന്ധിച്ചു

ബന്ധപ്പെട്ട രേഖ: https://keralanews.gov.in/8097/covid-19-emergency-care-patients-.html

Share
അഭിപ്രായം എഴുതാം