തിരുവനന്തപുരം: അക്രമ സമരം നടത്തിയാലേ മാധ്യമശ്രദ്ധ പിടിച്ചുപറ്റാനാകൂ എന്ന ധാരണ പ്രതിപക്ഷത്തിന് മാറിക്കിട്ടിയാല്‍ മാത്രമേ കോവിഡ് നിയന്ത്രണംഫലപ്രദമായി നടത്താന്‍ കഴിയൂ എന്ന് മുഖ്യമന്ത്രി. ആള്‍ക്കൂട്ടസമരങ്ങള്‍ കോവിഡിനെതിരെ പ്രവര്‍ത്തിക്കാനുളള സര്‍ക്കാരിന്റെ ശ്രമങ്ങള്‍ക്ക് വിഘാതമാവുകയാണ് എന്നും മുഖ്യമന്ത്രി പിണറായി വിജയന് പറഞ്ഞു. മനുഷ്യജീവനുകളേക്കാള്‍ വിലപ്പെട്ടതായി മറ്റൊന്നുമില്ലെന്ന എല്ലാവരും തിരിച്ചറിയണം. കോവിഡ് വ്യാപനം രൂക്ഷമാകുമ്പോഴും സംസ്്ഥാനത്ത് സമരങ്ങള്‍ നടത്തുന്ന പ്രതിപക്ഷ പാര്ട്ടികള്കെളെ മുഖ്യമന്ത്രി രൂക്ഷമായി വിമര്‍ശിച്ചു. സാമൂഹിക അകലം പാലിക്കല്‍ തുടങ്ങിയ കോവിഡ് പ്രോട്ടോക്കോള്‍ എല്ലാ രാഷ്ട്രീയ പാര്‍ട്ടികളും ഉത്തരവാദിത്വത്തോടെ അനുസരിക്കണമെന്ന് മുഖ്യമന്ത്രി അഭ്യര്‍ഥിച്ചു.
പ്രതിഷേധസമരങ്ങള്‍ നാടിനെ അങ്ങേയറ്റം പ്രതികൂലമായി ബാധിക്കുന്നതാണെന്ന് തിരിച്ചറിവുകള്‍ ഉണ്ടാവുക എന്നുളളതാണ് ഏററവും പ്രധാനം.എല്ലാവരും ആത്മപരിശോധനയ്ക്ക് തയ്യാറാകണം. നമ്മുടെ സഹോദരങ്ങളെ ഈ മഹാമാരിക്ക് വിട്ടുകൊടുക്കില്ലെന്ന് തീരുമാനിക്കുകയും വേണം. ഹൈക്കോടതി ഈ വിഷയത്തില്‍ പറയാനുളളതിന്റെ പരമാവധി പറഞ്ഞുകഴിഞ്ഞു. തിരിച്ചറിവോടെ പ്രതികരിക്കാനുളള നില രാഷ്ട്രീയ പാര്‍ട്ടികളും മുന്നണികളും സ്വീകരിക്കുകയാണ് വേണ്ടതെന്നും മുഖ്യമന്ത്രി പറഞ്ഞു.
ജനാധിപത്യ സമൂഹത്തില്‍ പ്രതിഷേധിക്കാനുളള അവകാശം നിഷേധിക്കാന്‍ സാധിക്കില്ല. പക്ഷേ പ്രതിഷേധിക്കുന്നവര്‍ അത് സമൂഹത്തെ ഒന്നടങ്കം അപകടപ്പെടുത്തിക്കൊണ്ട് ഇപ്രകാരം ചെയ്യുന്നതില്‍ നിന്ന് പിന്മാറണം എഎന്നും മുഖ്യമന്ത്രി പറഞ്ഞു. പോലീസ് സേന കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായി അക്ഷീണം പ്രയത്നിക്കുകയാണ്. പ്രത്യുപകാരമായി അവര്‍ക്കിടയില്‍ കോവിഡ് പടര്‍ത്തുകയാണോ വേണ്ടതെന്ന് എല്ലാവരും ചിന്തിക്കണം. അവരും മനുഷ്യരാണ്.
മുതിര്‍ന്ന പോലീസുദ്യോഗസ്ഥര്‍ വരെ രോഗബാധിതരാകുകയാണ്. സമരത്തില്‍ പങ്കെടുക്കുന്നവരും അവരെ നിയന്ത്രിക്കാനെത്തിച്ചേരുന്ന പോലീസുകാരും രോഗബാധിതരാകുകയാണ്. സമരം നടക്കുമ്പോള്‍ ശാരീരിക അകലം പാലിച്ച് പ്രവര്‍ത്തിക്കാന്‍ പോലീസിന് കഴിയില്ല. സമരക്കാരോട് സംസാരിക്കുകയും ഇടപഴകുകയും ചെയ്യേണ്ടിവരുന്നു. ചിലയിടങ്ങളില്‍ മതിയായ ബലപ്രയോഗവും വേണ്ടിവരുന്നു. ഇതെല്ലാം രോഗവ്യാപനത്തിന് കാരണമാകുന്നു. നാടിനോട് താല്പര്യമുളള രാഷ്ട്രീയ പാര്‍ട്ടികള്‍ കൃത്യമായ മാനദണ്ഡങ്ങള്‍ പാലിക്കാന്‍ തയ്യാറാകണം. ഇക്കാര്യത്തില്‍ സര്‍ക്കാരിന്റെ വീണ്ടും വീണ്ടും ഉളള അഭ്യര്‍ഥന ഫലം കാണുമെന്നാണ് തന്റെ പ്രതീക്ഷയെന്നും മുഖ്യമന്ത്രി പത്രസമ്മേളനത്തില്‍ പറഞ്ഞു.

