കഞ്ചിക്കോട്ടെ പെപ്സി കമ്പനി അടച്ചു പൂട്ടുന്നു, 400 പേർക്ക് തൊഴിൽ നഷ്ടമാകും

പാലക്കാട്​: കഞ്ചി​ക്കോട്ടെ പെപ്​സിയുടെ ഉല്‍പ്പാദന കേന്ദ്രം അടച്ചുപൂട്ടുന്നു. കമ്പനി അടച്ചുപൂട്ടുന്നുവെന്ന്​ ചൂണ്ടിക്കാട്ടി സംസ്ഥാന തൊഴില്‍ വകുപ്പിനും തൊഴിലാളി യൂണിയനുകള്‍ക്കും പെപ്സി ഉല്പാദകരായ വരുണ്‍ ബീവറേജസ് നോട്ടീസ് നല്‍കി.

തൊഴില്‍ നഷ്​ടമാകുന്നവര്‍ക്ക്​ മൂന്ന് മാസത്തിനുള്ളിൽ നഷ്​ടപരിഹാരവും കുടിശികയും നല്‍കുമെന്ന്​ കമ്പനി അധികൃതര്‍ അറിയിച്ചു.

സേവന വേതന ​കരാര്‍ പുതുക്ക​ണമെന്ന്​ ആവശ്യപ്പെട്ട്​ തൊഴിലാളി സമരം തുടരുന്നതിനിടെയാണ്​ അടച്ചുപൂട്ടല്‍. നോട്ടീസ് നല്‍കിയതു മുതല്‍ തൊണ്ണൂറാം ദിവസം അടച്ചുപൂട്ടല്‍ പ്രാബല്യത്തില്‍ വരുമെന്നാണ് പറഞ്ഞിരിക്കുന്നത്. എന്നാൽ അടച്ചു പൂട്ടലിന്‍റെ കാരണം കമ്പനി വ്യക്തമാക്കിയിട്ടില്ല.

ഇരുപത് വര്‍ഷത്തോളമായി കഞ്ചിക്കോട് കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന കമ്ബനിയാണ് അടച്ചു പൂട്ടുന്നത്. ഇതോടെ കരാര്‍ ജീവനക്കാരുള്‍പ്പടെ നാനൂറോളം പേര്‍ക്ക് തൊഴില്‍ നഷ്ടമാകും. സ്ഥിരം ജീവനക്കാരായ 112 പേര്‍ക്ക് നഷ്ടപരിഹാരം നല്‍കുന്നതിനെക്കുറിച്ച്‌ മാത്രമാണ് കമ്ബനി നോട്ടീസില്‍ പറയുന്നത്. 2000 ലാണ് പെപ്സി കമ്ബനി കഞ്ചിക്കോട് പ്രവര്‍ത്തനം തുടങ്ങുന്നത്. 2019 ല്‍ പെപ്സിയുടെ രാജ്യത്തെ മുഴുവന്‍ യൂണിറ്റുകളും വരുണ്‍ ബിവറേജസ് എന്ന കമ്ബനിക്ക് കൈമാറി. 2019 ജൂണിലാണ് കഞ്ചിക്കോട് യൂണിറ്റ് വരുണ്‍ ബീവറേജസ് ഏറ്റെടുക്കുന്നത്. വേതന കരാര്‍ പുതുക്കണമെന്നാവശ്യപ്പെട്ട് താല്‍ക്കാലിക ജീവനക്കാര്‍ സമരം ചെയ്തത്തോടെ മാര്‍ച്ച്‌ 22 ന് കമ്പനി ലോക്ക്‌ഔട്ട് ചെയ്തു. ഇതിനു പിന്നാലെയാണ് ഇപ്പോൾ അടച്ചു പൂട്ടല്‍ തീരുമാനം വന്നിരിക്കുന്നത്.‌

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →