ലഖ്നൗ: ഉത്തര്‍പ്രദേശില്‍ കൊവിഡ് വിവരങ്ങള്‍ കൈകാര്യം ചെയ്യുന്നതിനായി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ഏകീകൃത കൊവിഡ് 19 ആപ്ലിക്കേഷന്‍ അവതരിപ്പിച്ചു. ഈ ആപ്ലിക്കേഷന്‍ ആളുകള്‍ക്ക് കൊവിഡ് കോള്‍ സെന്റര്‍ പോലുള്ള പ്രയോജനം ലഭ്യമാക്കുമെന്ന് ആപ്ലിക്കേഷന്റെ അവതരണ വേളയില്‍ മുഖ്യമന്ത്രി പറഞ്ഞു. കൊവിഡ് മഹാമാരിയെ പിടിച്ചുകെട്ടുന്നതില്‍ പലപ്പോഴും ബുദ്ധിമുട്ടുകള്‍ നേരിട്ടെന്നും കൊവിഡ് പോസിറ്റീവ് ആയ രോഗികള്‍ അവരുടെ തെറ്റായ വിലാസങ്ങളും നമ്പറുകളും നല്‍കിയത് പ്രശ്‌നങ്ങള്‍ സൃഷ്ടിച്ചുവെന്നും അദേഹം പറഞ്ഞു.
പുതിയ ആപ്ലിക്കേഷനിലൂടെ ആളുകളുടെ ശരിയായ വിവരങ്ങള്‍ ശേഖരിക്കാനും നീരീക്ഷണം നടത്താനും സാധിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും യോഗി പറഞ്ഞു. രാജ്യത്തെ ഏറ്റവുമധികം കൊവിഡ് 19 ടെസ്റ്റുകള്‍ ഉത്തര്‍പ്രദേശിലാണ് നടത്തിയതെന്നും കൊവിഡ് മരണനിരക്ക് കുറയ്ക്കാന്‍ സര്‍ക്കാര്‍ നടപടി സ്വീകരിച്ചതായും ആദിത്യനാഥ് കൂട്ടിച്ചേര്‍ത്തു.

