കൊച്ചി: എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് തന്നെ ചോദ്യം ചെയ്ത വിവരം പുറത്തുവിടരുതായിരുന്നു എന്ന് മന്ത്രി കെ.ടി. ജലീല്‍. നയതന്ത്ര ബാഗേജുവഴി സ്വര്‍ണക്കടത്ത് നടന്നിട്ടുണ്ടാവാം.അത് നടന്നിട്ടില്ലെന്ന് പറയാന്‍ ഞാന്‍ ആളല്ല. വിവരം ശേഖരിച്ചത് ഇഡി രഹസ്യമാക്കി വെക്കേണ്ടതായിരുന്നു. ഇഡിയുടെ പവിത്രത കാത്തു സൂക്ഷിക്കുന്നതില്‍ പരാജയപ്പെട്ടു. ആ ചിന്ത തനിക്കുണ്ടായിരുന്നതുകൊണ്ടാണ് താന്‍ ചോദ്യം ചെയ്യല്‍ വിവരം മറച്ചുവെച്ചതെന്നും ‘റിപ്പോര്‍ട്ടര്‍’ ടിവിയുടെ ക്ലോസ് എന്‍കൗണ്ടറില്‍ കെ.ടി. ജലീല്‍ വിശദമാക്കി.
സ്വര്‍ണക്കടത്ത് സംബന്ധിച്ച് തനിക്ക് അറിവോ പങ്കോ ഇല്ലെന്നും മന്ത്രി വ്യക്തമാക്കി. ഖുര്‍ആന്‍ കോപ്പികള്‍ താന്‍ ഏറ്റുവാങ്ങിയിട്ടില്ല. പള്ളികളിലോ മറ്റോ ഖുര്‍ ആന്‍ വിതരണം ചെയ്യാന്‍ കഴിയുമോ എന്ന് ചോദിച്ചപ്പോള്‍ സ്ഥലമുണ്ട് എന്ന് മാത്രമാണ് യുഎഇ കോണ്‍സുലേറ്റിനോട് താന്‍ അറിയിച്ചത്. സര്‍ക്കാരിന് കൂടുതല്‍ ചെലവുകള്‍ വരാതെ എത്തിക്കാം എന്നും പറഞ്ഞു. സിആപ്റ്റിന്റെ വാഹനത്തില്‍ കൊണ്ടുപോകാന്‍ കാരണം അതാണ്. ഇത് സാധാരണയായി നടക്കുന്ന കാര്യമാണെന്നും കെ.ടി. ജലീല്‍ പറഞ്ഞു.
ഡിപ്ലോമാറ്റിക് ബാഗേജിലാണ് സ്വര്‍ണം വന്നത്. ഖുര്‍ആന്‍ വന്നത് ഡിപ്ലോമാറ്റിക് കാര്‍ഗോയിലാണെന്നും മന്ത്രി അഭിമുഖത്തില്‍ വ്യക്തമാക്കി.